ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ് സൈനിക ഇടപെടൽ ഭീഷണിക്കുമിടയിലാണ് ഇന്ത്യയുടെ നിർദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയവും ആവശിയപ്പെട്ടിട്ടുണ്ട്. മാറുന്ന സാഹചര്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള പൗരന്മാരോട് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദേശത്തിൽ ആവശ്യപ്പെട്ടു.

നിലവിലുള്ള സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ പുറപ്പെടുവിച്ച മറ്റൊരു നിർദേശത്തിൽ പറയുന്നു. ഇറാനിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഒഴിവാക്കാനും മന്ത്രാലയം വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 10,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഷിയാ തീർത്ഥാടകർ എല്ലാ വർഷവും ഇറാനിൽ സന്ദർശനം നടത്താറുമുണ്ട്.
അതേസമയം, ഇറാനിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ, ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നിലവിലുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിന്റെ കാര്യം എക്സ് പോസ്റ്റിലൂടെ ജയശങ്കർ തന്നെയാണ് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയിൽ നിന്ന് ഫോൺകോൾ ലഭിച്ചു. ഇറാനിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു- ജയശങ്കർ എക്സിൽ കുറിച്ചു. ഖമേനി ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ 2500ലധികം പേരാണ് മരിച്ചത്.
Amid rising tensions and US military threats, India has advised its 10,000 citizens in Iran to leave the country. Foreign Minister S. Jaishankar discussed the crisis with his Iranian counterpart.
