14ആം നൂറ്റാണ്ടുമുതൽ തന്നെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ പ്രധാന തുറമുഖമായി ഉയർന്നുവന്ന നഗരമാണ് കൊച്ചി. കുരുമുളക്, ഏലം, കറുവപ്പട്ട തുടങ്ങിയ വിലയേറിയ സുഗന്ധവ്യഞ്ജനങ്ങൾ ലോകവ്യാപകമായി കയറ്റുമതി ചെയ്തതോടെ നഗരത്തിന് ആഗോള വ്യാപാരരംഗത്ത് പ്രത്യേക സ്ഥാനമുണ്ടായി. സ്വാഭാവികമായ ആഴമുള്ള തുറമുഖങ്ങൾ ഉണ്ടായിരുന്നതാണ് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളെ കൊച്ചിയിലേക്ക് ആകർഷിച്ചത്.

1341ലെ മഹാപ്രളയത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചതോടെയാണ് കൊച്ചി മലബാർ തീരത്തിലെ പ്രധാന തുറമുഖമായി ഉയർന്നത്. ചൈന, മിഡിൽ ഈസ്റ്റ്, തുടർന്ന് യൂറോപ്പ് എന്നിവിടങ്ങളുമായി ഇന്ത്യയ്ക്ക് നേരിട്ടുള്ള വ്യാപാരബന്ധം സ്ഥാപിക്കാൻ കൊച്ചി തുറമുഖം നിർണായക പങ്കുവഹിച്ചു. 1503ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ യൂറോപ്യൻ കുടിയേറ്റം സ്ഥാപിച്ചതോടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അവർക്ക് മേൽക്കൈ ലഭിച്ചു. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരും എത്തിയതോടെ കൊച്ചി ശക്തമായ അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി മാറി.
വ്യാപാരപ്രാധാന്യത്തിനൊപ്പം കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാംസ്കാരിക വൈവിധ്യവും നഗരത്തിന്റെ മഹത്വം വർധിപ്പിച്ചു. കായലുകളും ദ്വീപുകളും ചേർന്ന സ്വാഭാവികമായി സംരക്ഷിതമായ തുറമുഖം ശക്തമായ മൺസൂണിലും വലിയ കപ്പലുകൾക്ക് സുരക്ഷിത താവളമായി. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും പോർച്ചുഗീസ് ദേവാലയങ്ങൾ, ഡച്ച് കെട്ടിടങ്ങൾ, ജൂതപ്പള്ളി, ചീനവലകൾ എന്നിവയിലൂടെ നഗരത്തിന്റെ ബഹുസാംസ്കാരിക പാരമ്പര്യം ഇന്നും തെളിയിക്കുന്നു. ചരിത്രവും ആധുനികതയും കൈകോർക്കുന്ന കൊച്ചി, ഇന്നും ‘അറബിക്കടലിന്റെ റാണി’ എന്ന പേരിന് യഥാർത്ഥ അർത്ഥം നൽകുന്ന നഗരമായി നിലകൊള്ളുന്നു.
1936ൽ ദിവാനായിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടിയാണ് കൊച്ചിയെ ആദ്യമായി “അറബിക്കടലിന്റെ റാണി” എന്ന് വിശേഷിപ്പിച്ചതെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. കൊച്ചിയുടെ പേരിനെയും ചുറ്റിപ്പറ്റി പല കഥകളുണ്ട്. ‘കൊച്ചാഴി’ എന്ന വാക്കിൽ നിന്നാണ് ‘കൊച്ചി’ എന്ന പേരുണ്ടായതെന്നാണ് പ്രധാന വാദം. യൂറോപ്യൻ ഉച്ചാരണ സൗകര്യത്തിനായി അത് ‘കൊച്ചിൻ’ ആയി മാറി. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി പിന്നീട് സംസ്ഥാന സർക്കാർ ‘കൊച്ചി’ എന്ന പേര് പുനഃസ്ഥാപിച്ചു.
Discover how Kochi rose as the ‘Queen of the Arabian Sea.’ Explore its journey from the 1341 floods to becoming a global hub for the spice trade under colonial powers.
