റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയത് ഹിമാലയൻ മലനിരകളിലെ രുചിക്കൂട്ടുകൾ. യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ പ്രത്യേക വിരുന്നിന് പിന്നിലാകട്ടെ കശ്മീരി ഷെഫ് പ്രതീക് സാധുവും. സാധാരണയായി ഇത്തരം ഔദ്യോഗിക വിരുന്നുകളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യയുടെ ഹിമാലയൻ ബെൽറ്റിലെ തനത് രുചികൾക്കാണ് പ്രതീക് സാധു പ്രാധാന്യം നൽകിയത്.

ഉത്തരാഖണ്ഡ് ശൈലിയിലുള്ള ‘ജാഖിയ ആലുവായിരുന്നു’ സ്റ്റാട്ടർ. ഇതിനൊപ്പം മില്ലറ്റ് ഖീറും നൽകി. ഉത്തരാഖണ്ഡിലെ തനത് വിഭവമായ ‘സുന്ദർകല തിച്ചോനി’, കുമാവോണി വിഭവമായ ‘നിംബു സാൻ’ എന്നിങ്ങനെയുള്ള സൂപ്പും സാലഡും അതിഥികൾക്ക് പുതിയ അനുഭവമായി. കാശ്മീരിലെ അപൂർവമായ ഗുച്ചി കൂണുകളും സോലാൻ കൂണുകളും ചേർത്ത വിഭവം, ചോറിനൊപ്പം വിളമ്പിയതായിരുന്നു മെയിൻ കോഴ്സ്. കാശ്മീരി കട്ലം ബ്രെഡും ഇവയ്ക്കൊപ്പം വിളമ്പി. കാശ്മീരി ആപ്പിൾ കേക്ക്, റാഗി, ആസാം കോഫി കൊണ്ടുള്ള കസ്റ്റാർഡ് എന്നിവയാണ് വിരുന്നിന് മധുരമേകിയത്.
ഇന്ത്യൻ രുചികളെ അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ ഷെഫാണ് പ്രതീക്. മുംബൈയിലെ പ്രശസ്തമായ മാസ്ക് (Masque) എന്ന റസ്റ്റോറന്റിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ‘ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആളുകൾ മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നിയതായി പ്രതീക് പറഞ്ഞു. ഇന്ത്യൻ ഭക്ഷണം ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ലെന്ന് മുഖ്യാതിഥി പറഞ്ഞതും സന്തോൽം നൽകിതായി പ്രതീക് കൂട്ടിച്ചേർത്തു.
Discover the exclusive Himalayan menu prepared by Chef Prateek Sadhu for EU leaders at Rashtrapati Bhavan, featuring Guchhi mushrooms, Jakhiya Aloo, and more
