കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026–27ൽ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് (MSME) മേഖലയെ ശക്തിപ്പെടുത്തുന്നതിന് നിരവധി നിർണായക പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ വ്യാവസായിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന എംഎസ്എംഇ മേഖലയെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.

പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കവെ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (CPSU) എംഎസ്എംഇകളിൽ നിന്നുള്ള എല്ലാ പർച്ചേസുകൾക്കും ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) നിർബന്ധമാക്കുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതോടെ എംഎസ്എംഇകൾക്ക് സമയബന്ധിതമായ പേയ്‌മെന്റും ലിക്വിഡിറ്റി ഉറപ്പാക്കാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. TReDSനെ “കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏക എംഎസ്എംഇ ഇടപാട് പ്ലാറ്റ്‌ഫോമായി” മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എംഎസ്എംഇകൾക്ക് ഇക്വിറ്റി പിന്തുണ നൽകുന്നതിനായി Self Reliance India Fundന് 2026–27 സാമ്പത്തിക വർഷത്തിൽ ₹4,000 കോടി അധികമായി അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 2023ൽ ആരംഭിച്ച ഈ ഫണ്ടിലൂടെ വളർച്ചാ സാധ്യതയും സാമ്പത്തിക സ്ഥിരതയുമുള്ള എംഎസ്എംഇകളെ വൻകിട യൂണിറ്റുകളാക്കി മാറ്റുന്നതിനായി ₹50,000 കോടിയുടെ ഇക്വിറ്റി ഫണ്ടിംഗ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതോടൊപ്പം, ഉത്പാദനക്ഷമതയും മത്സരക്ഷമതയും വർധിപ്പിക്കുന്നതിനായി ‘ചാമ്പ്യൻ എസ്‌എംഇ’കളെ വികസിപ്പിക്കാൻ ₹10,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിർമാണ മേഖലയെ സ്കെയിൽ ചെയ്യുന്നതിനും ഗ്ലോബൽ വിപണിയിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ടെക്സ്റ്റൈൽ മേഖലയിലും ബജറ്റ് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ടെക്നിക്കൽ ടെക്സ്റ്റൈൽസിൽ മൂല്യവർധന (value addition) ലക്ഷ്യമിട്ട് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ നാചുറൽ ഫൈബർ സ്കീം, ടെക്സ്റ്റൈൽ എക്സ്പാൻഷൻ ആൻഡ് എംപ്ലോയ്മെന്റ് സ്കീം, നാഷണൽ ഹാൻഡ്‌ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് പ്രോഗ്രാം എന്നീ പദ്ധതികളും ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി ടയർ-2, ടയർ-3 നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇത് എംഎസ്എംഇകളുടെ പ്രാദേശിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കും നിർണായകമാകുമെന്നണ് വിലയിരുത്തൽ.
ബജറ്റിന് മുന്നോടിയായി ജനുവരി 29ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിൽ എംഎസ്എംഇ മേഖല ഇന്ത്യയുടെ വ്യാവസായിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണെന്ന് വ്യക്തമാക്കിയിരുന്നു. സർവേ പ്രകാരം, എംഎസ്എംഇകൾ ഇന്ത്യയുടെ നിർമാണ മേഖലയിലെ 35.4 ശതമാനം, കയറ്റുമതിയിലെ 48.58 ശതമാനം, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 31.1 ശതമാനം എന്നിങ്ങനെ നിർണായക സംഭാവന നൽകുന്നു.
രാജ്യത്തുടനീളം 7.47 കോടിയിലധികം എംഎസ്എംഇ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇവയിൽ 32.82 കോടി പേർക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ നിർമാണ മേഖല ആഗോള വിപണികളുമായി കൂടുതൽ ഏകീകരിക്കപ്പെടുന്ന സാഹചര്യത്തിൽ, സപ്ലൈ ചെയിൻ പങ്കാളിത്തം, പ്രാദേശിക മൂല്യവർധന, സമഗ്ര പ്രാദേശിക വികസനം എന്നിവയ്ക്കായി എംഎസ്എംഇകൾ നിർണായകമാണെന്നും സാമ്പത്തിക സർവേ വ്യക്തമാക്കി. എംഎസ്എംഇ മേഖലയിൽ ക്രെഡിറ്റ് വളർച്ച തുടർച്ചയായി ഉയരുകയാണെന്നും, ധനസഹായം ലഭ്യമാക്കുന്നതിനുള്ള സർക്കാർ നടപടികളാണ് ഇതിന് പിന്തുണ നൽകുന്നതെന്നും സർവേ പറയുന്നു. H1 FY26 കാലയളവിൽ, വ്യാവസായിക ക്രെഡിറ്റ് വളർച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നൽകിയതും എംഎസ്എംഇ ക്രെഡിറ്റാണെന്നും, വലിയ വ്യവസായങ്ങളെ അപേക്ഷിച്ച് വർഷാന്തര വളർച്ച (YoY growth) കൂടുതൽ ആയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ബജറ്റിലും കൃഷി, നിക്ഷേപം, കയറ്റുമതി എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ വികസനത്തിന് എംഎസ്എംഇകളുടെ പ്രാധാന്യം അംഗീകരിച്ച് നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. കേന്ദ്ര ബജറ്റ് 2026–27 ലെ പുതിയ പ്രഖ്യാപനങ്ങളോടെ, ഇന്ത്യയുടെ എംഎസ്എംഇ മേഖലയ്ക്ക് കൂടുതൽ മൂലധന പിന്തുണയും വിപണി പ്രവേശനവും ലഭിക്കും. ആഗോള തലത്തിൽ മത്സരിക്കാൻ കഴിയുന്ന ശക്തമായ അടിത്തറ രൂപപ്പെടുത്താനും ഇത് വഴിവെയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Finance Minister Nirmala Sitharaman announces a ₹4,000 crore equity boost for MSMEs and mandatory TReDS for CPSUs in Budget 2026. Discover the new funds for ‘Champion SMEs’ and textile sector expansion to drive India’s industrial growth.
