ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പാണ് ഈ പദ്ധതി. ജിന്ദ്-സോണിപത് റൂട്ടിലാണ് ഈ പത്ത് കോച്ചുകളുള്ള ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ട്രെയിൻ സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും, ഉപോൽപ്പന്നമായി ജലബാഷ്പം മാത്രം പുറന്തള്ളുകയും ചെയ്യുന്നതിനാൽ പൂർണ്ണമായും മലിനീകരണ രഹിതമാണ്. ജർമ്മനി, ജപ്പാൻ, ചൈന തുടങ്ങിയ വികസിത രാജ്യങ്ങൾക്ക് പിന്നാലെ ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും ഇടംപിടിച്ചു.

ജിന്ദ്-സോണിപത് റൂട്ടിൽ ഓടുന്ന ട്രെയിനിന് 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടെങ്കിലും, നിലവിൽ 75 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 74010 രാവിലെ 7:40-ന് ജിന്ദ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 9:40-ഓടെ സോണിപത്തിലെത്തും. തിരികെ 10:40-ന് സോണിപത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 74009 ഉച്ചയ്ക്ക് 1:00-ഓടെ ജിന്ദിൽ തിരിച്ചെത്തും.
പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഈ ട്രെയിന് 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ഈ പരീക്ഷണ പദ്ധതിയുടെ ഭാഗമായി ജിന്ദിൽ അത്യാധുനികമായ ഹൈഡ്രജൻ സ്റ്റോറേജ് ആൻഡ് റീഫ്യൂവലിംഗ് സൗകര്യവും ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്. പൈതൃക പാതകളിലും വിദൂര പ്രദേശങ്ങളിലും ഡീസൽ ട്രെയിനുകൾക്ക് പകരമായി ഭാവിയിൽ ഈ ഹരിത ഇന്ധന സംവിധാനം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Prime Minister Narendra Modi flagged off India’s first indigenous eco-friendly hydrogen fuel cell train operating on the Jind-Sonipat route in Haryana
