തമിഴ്നാട്ടിൽ ഗ്രീൻഫീൽഡ് യൂണിറ്റ് ഉൾപ്പെടെ 1,290 കോടി രൂപയുടെ വികസന പദ്ധതികളുമായി ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റാ കെമിക്കൽസ് (Tata Chemicals) രംഗത്ത്. സോഡാ ആഷിന്റെയും അനുബന്ധ രാസവസ്തുക്കളുടെയും മുൻനിര ഉത്പാദകരായ കമ്പനി രാമനാഥപുരത്ത് അയോഡൈസ്ഡ് സോൾട്ട് ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കുന്നതിനായി 515 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. രാമനാഥപുരം ജില്ലയിലെ വാലിനൊക്കെയിൽ അയോഡൈസ്ഡ് വാക്വം സാൾട്ട് ഡ്രൈഡ് (IVSD)നിർമാണ സൗകര്യം സ്ഥാപിക്കുന്നതിനാണ് നിർദിഷ്ട നിക്ഷേപം. ഉയർന്ന നിലവാരമുള്ള അയോഡൈസ്ഡ് ഉപ്പിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനോടൊപ്പം ദീർഘകാല, സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതിനും പുതിയ സൗകര്യം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രതിവർഷം 210 കിലോടൺ (KTPA) ശേഷിയുള്ള പുതിയ യൂണിറ്റ്, 2029ൽ കമ്മീഷൻ ചെയ്യുമെന്ന് ടാറ്റ കെമിക്കൽസ് എംഡിയും സിഇഒയുമായ ആർ. മുകുന്ദൻ വ്യക്തമാക്കി.

ഇതിന് പുറമേ, കടലൂരിൽ 775 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തും. 50 കെടിപിഎ ശേഷിയുള്ള പ്രിസിപിറ്റേറ്റഡ് സിലിക്ക പ്ലാന്റ് ആണ് കടലൂരിൽ സ്ഥാപിക്കുന്നത്. 2028ഓടെ പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും 2025 നവംബറിൽ കടലൂരിൽ 3,000 മെട്രിക് ടൺ ശേഷിയുള്ള പേൾ-ഗ്രേഡ് സിലിക്ക യൂണിറ്റ് കമ്മീഷൻ ചെയ്തതിനു പിന്നാലെയാണിതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽ നിർമാണ കേന്ദ്രം സൃഷ്ടിക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, ലോജിസ്റ്റിക്സ് ചെലവുകൾ ഒപ്റ്റിമൈസ് ചെയ്യുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ, ടാറ്റ കെമിക്കൽസിന് ഗുജറാത്തിലെ മിഥാപൂരിൽ പ്രതിവർഷം 1.6 ദശലക്ഷം ടൺ ശേഷിയുള്ള ഐവിഎസ്ഡി നിർമാണ പ്ലാന്റ് ഉണ്ട്. ഇതിന് പുറമെ, മിഥാപൂരിൽ 350 കെടിപിഎ ശേഷിയുള്ള സോഡാ ആഷ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടാറ്റ കെമിക്കൽസ് 135 കോടി രൂപയും നിക്ഷേപിക്കും. 2028ൽ ഇത് കമ്മീഷൻ ചെയ്യും.
Tata Chemicals approves ₹1,290 crore for new projects in Tamil Nadu, including an iodized salt facility in Ramanathapuram and a precipitated silica plant in Cuddalore. Read more about the 2029 commissioning timeline and strategic growth plans.
