ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറോടെ (EU–India Trade Deal) ജർമൻ കാർ നിർമാതാക്കൾക്ക് ഇന്ത്യയിൽ വലിയ അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ. കരാർ പ്രകാരം ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ 96.6 ശതമാനം ഉത്പന്നങ്ങൾക്ക് തീരുവ കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യും. യൂറോപ്യൻ കയറ്റുമതി മേഖലയ്ക്ക് നിർണായകമായ കാറുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ 70 മുതൽ 110 ശതമാനം വരെ തീരുവ ഈടാക്കിയിരുന്നതിനാൽ ജർമൻ കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ പൊള്ളുന്ന വിലയായിരുന്നു.

കരാർ പ്രാബല്യത്തിൽ വരുന്നതോടെ വർഷംതോറും 2.5 ലക്ഷം യൂറോപ്യൻ നിർമിത കാറുകൾക്ക് ഇന്ത്യയിൽ പ്രത്യേക ക്വോട്ടയിലൂടെ കുറഞ്ഞ തീരുവയിൽ പ്രവേശനം അനുവദിക്കും. ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ക്വോട്ടയാണിത്. റിപ്പോർട്ടുകൾ പ്രകാരം, 15000 യൂറോയ്ക്ക് മുകളിലുള്ള കാറുകളുടെ തീരുവ 40 ശതമാനമായി കുറയ്ക്കുകയും പിന്നീട് ഘട്ടംഘട്ടമായി 10 ശതമാനം വരെ താഴ്ത്തുകയും ചെയ്യും. അഞ്ച് വർഷത്തിനകം 1.6 ലക്ഷം പെട്രോൾ–ഡീസൽ കാറുകൾക്കും പത്ത് വർഷത്തിനകം 90000 ഇലക്ട്രിക് വാഹനങ്ങൾക്കും 10 ശതമാനം തീരുവ എന്നതാണ് ലക്ഷ്യം. ക്വോട്ടയ്ക്ക് പുറത്തുള്ള കാറുകൾക്കും പത്ത് വർഷത്തിനുള്ളിൽ 30–35 ശതമാനം വരെ തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വോക്സ്വേഗൻ, മെഴ്‌സിഡേഴ്സ്-ബെൻസ്, BMW തുടങ്ങിയ ജർമൻ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ കൂടുതൽ പ്രീമിയം മോഡലുകൾ അവതരിപ്പിക്കാൻ വഴിയൊരുങ്ങും.
അതേസമയം, ഇന്ത്യൻ കാർ വിപണിയിലേക്കുള്ള യൂറോപ്യൻ വരവിന് വെല്ലുവിളികളുണ്ടാക്കാനും സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികളും സുസുക്കി, ഹ്യുണ്ടായ് പോലുള്ള ജാപ്പനീസ്–കൊറിയൻ ബ്രാൻഡുകളും ചേർന്ന് വിപണി നിയന്ത്രിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ ബ്രാൻഡുകളുടെ വിഹിതം നിലവിൽ മൂന്ന് ശതമാനത്തിനും താഴെയാണ്. എന്നാൽ വളരുന്ന മധ്യവർഗവും ആഢംബര കാറുകളിലേക്കുള്ള താൽപര്യവും ജർമൻ നിർമാതാക്കൾക്ക് പ്രതീക്ഷ നൽകുന്നു.
ദീർഘകാലത്തിൽ ഇന്ത്യയിൽ തന്നെ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ ജർമൻ കമ്പനികളെ ആകർഷിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അത്തരമൊരു നീക്കം ഉത്പാദനച്ചെലവ് കുറയ്ക്കാനും ആഭ്യന്തര വിപണിയിലേക്കുള്ള പ്രവേശനം ശക്തമാക്കാനും സഹായകമായേക്കും. നിലവിൽ ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വ്യാപാര കരാർ പ്രാബല്യത്തിൽ വന്നാൽ ജർമൻ കാർ നിർമാതാക്കളുടെ ഇന്ത്യയിലെ സാന്നിധ്യം വർധിക്കാനാണ് സാധ്യത
The India-EU Free Trade Agreement is set to slash import duties on European cars. Discover how German brands like BMW, Mercedes, and Volkswagen will benefit from new import quotas and lower tariffs in the growing Indian market.
