അടുത്ത മൂന്ന് ദശകങ്ങളിൽ ഇന്ത്യയ്ക്ക് 30 ട്രില്യൺ ഡോളറിന്റെ പുതിയ മൂല്യസൃഷ്ടി കൈവരിക്കാനാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI), സംരംഭകത്വം, ദീർഘകാല മൂലധനം എന്നിവയുടെ പിന്തുണയോടെയാണ് ഇന്ത്യ ഈ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ ജിയോ-ബ്ലാക്ക്റോക്ക് (JioBlackRock) സംഘടിപ്പിച്ച “Investing for a New Era” പരിപാടിയിൽ ബ്ലാക്ക്റോക്ക് ചെയർമാനും സിഇഒയുമായ ലാറി ഫിങ്കുമായി നടത്തിയ ഫയർസൈഡ് ചാറ്റിലാണ് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം നിറഞ്ഞ കാഴ്ചപ്പാട് അംബാനി അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും ആഗോള സ്ഥാനത്തെയും മാറ്റിമറിക്കാൻ കഴിയുന്ന, ഒരു തലമുറയിൽ ഒരിക്കൽ മാത്രമുള്ള വളർച്ചാ അവസരത്തിലേക്കാണ് രാജ്യം കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘100 റിലയൻസുകൾ’ ഉണ്ടാകാനുള്ള സാധ്യത
ലോക സമ്പദ്വ്യവസ്ഥ 110 ട്രില്യൺ ഡോളറിൽ നിന്ന് അടുത്ത മൂന്ന് ദശകങ്ങളിൽ, AI അടിസ്ഥാനമാക്കിയുള്ള ഉത്പാദന വർധനയോടെ, 300 ട്രില്യൺ ഡോളറിലേക്കുയരുമെന്ന് അംബാനി പറഞ്ഞു. ഈ വളർച്ചയിൽ നിന്ന് ഇന്ത്യക്ക് 35 ട്രില്യൺ ഡോളർ വരെ പങ്ക് നേടാനാകുമെന്നും, അതിൽ കുറഞ്ഞത് 30 ട്രില്യൺ ഡോളറിന്റെ പുതിയ മൂല്യം സൃഷ്ടിക്കാനുള്ള അവസരം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വലിയ അവസരം, വരും വർഷങ്ങളിൽ കൂടുതൽ വലിയ സംരംഭങ്ങൾ ഉയർന്നുവരാൻ ഇടയാക്കുമെന്നും, സ്റ്റാർട്ടപ്പുകളും യുവ സംരംഭകരും ഇതിൽ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയിലെ ഏറ്റവും ആവേശകരമായ കാര്യം സ്റ്റാർട്ടപ്പ് വ്യവസായമാണ്. 28–30 വയസുള്ള യുവാക്കൾ കമ്പനികൾ ആരംഭിക്കുന്നത് കാണുമ്പോൾ, അവരുടെ ആകാംക്ഷയും ആത്മവിശ്വാസവും കണ്ട്, ഭാവിയിൽ 100 പുതിയ റിലയൻസുകൾ ഉയർന്നുവരുമെന്ന് തോന്നുന്നു-അംബാനി പറഞ്ഞു.
ഊർജ സ്വയംപര്യാപ്തത
അടുത്ത ഒരു ദശകത്തിനുള്ളിൽ ഇന്ത്യക്ക് ഏകദേശം 80 ശതമാനം ഊർജാവശ്യങ്ങളും ആഭ്യന്തരമായി നിറവേറ്റാനാകുമെന്ന് അംബാനി പറഞ്ഞു. ഇന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഊർജമേഖലയിലും ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലും തുടരുന്ന നിക്ഷേപങ്ങളാണ് ഇതിന് വഴിയൊരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇപ്പോൾ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ്. രാജ്യത്തിന്റെ ഊർജാവശ്യങ്ങളുടെ 80 ശതമാനത്തിലധികവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള വിതരണ തടസ്സങ്ങൾക്കും വിലയിലെ കുതിച്ചുചാട്ടങ്ങൾക്കും ഇന്ത്യയെ ബാധകമാക്കുന്നത്.
ഈ സാഹചര്യത്തിൽ, 2030ഓടെ 500 ഗിഗാവാട്ട് ക്ലീൻ എനെർജി ശേഷി ലക്ഷ്യമിട്ട് സർക്കാർ റിന്യൂവബിൾ എനെർജി രംഗത്തേക്ക് ശക്തമായ നീക്കങ്ങൾ നടത്തിവരികയാണ്. ഇത് ഇറക്കുമതി കുറയ്ക്കാനും ഊർജസുരക്ഷ ഉറപ്പാക്കാനും സഹായിക്കും. ഇന്ത്യ ഇതിനകം തന്നെ റിന്യൂവബിൾ എനെർജി ഉത്പാദനത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ്. അടുത്ത ഘട്ടം ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലുമുള്ള തുടർച്ചയായ നിക്ഷേപങ്ങളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സേവിംഗ്സിൽ നിന്ന് ഏർണിംഗ്സിലേക്കുള്ള മാറ്റം
ഇന്ത്യയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സേവിംഗ്സ് സംസ്കാരം, ഫലപ്രദമായ സമ്പത്ത് സൃഷ്ടിയായി മാറിയിട്ടില്ലെന്ന് അംബാനി പറഞ്ഞു. ഇതാണ് ജിയോ-ബ്ലാക്ക്റോക്കിന് വലിയ അവസരം സൃഷ്ടിക്കുന്നതെന്നും, കുടുംബങ്ങളുടെ സേവിംഗ്സിനെ ഉത്പാദനക്ഷമമായ നിക്ഷേപങ്ങളിലേക്ക് വഴിമാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ സേവിംഗ്സ് മനോഭാവം ഉപേക്ഷിക്കുന്നതല്ലെന്നും, മറിച്ച്, നിക്ഷേപ അവസരങ്ങളിലേക്ക് കൂടുതൽ ആളുകൾക്ക് പ്രവേശനം ലഭിക്കുന്ന രീതിയിലേക്കുള്ള മാറ്റമാണെന്നും അംബാനി വ്യക്തമാക്കി. ബ്ലാക്ക്റോക്കുമായി റിലയൻസ് പങ്കിടുന്ന മൂലധന വിനിയോഗ തത്വചിന്തയെക്കുറിച്ചും അംബാനി സംസാരിച്ചു. ബ്ലാക്ക്റോക്കിന്റെ ലക്ഷ്യം ഹ്രസ്വകാല ലാഭമോ റിട്ടേൺസോ മാത്രമല്ല. ആ പണം ആദ്യം സമൂഹത്തിന്റെ മെച്ചത്തിനായി പ്രവർത്തിക്കണം. അതാണ് റിലയൻസിന്റെയും തത്വചിന്ത-അംബാനി പറഞ്ഞു.
Reliance Chairman Mukesh Ambani predicts a $30 trillion value creation for India in 3 decades and aims for 80% energy self-sufficiency within 10 years.
