കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ (CIAL) ആഗോള ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികൾക്ക് തുടക്കമായി. ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതികസഹായ സേവനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായാണ് വിമാനത്താവളത്തിൽ ‘സിയാൽ എയ്റോ പാർക്ക്’ ഒരുങ്ങുന്നത്. 36 ഏക്കർ വിസ്തൃതിയുള്ള എയ്‌റോ പാർക്കിന്റെ ഉദ്ഘാടനത്തോടെ പരമ്പരാഗത വിമാനത്താവള പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് കൊച്ചി എയർപോർട്ട്. ഒരു സംയോജിത വ്യോമയാന ആവാസവ്യവസ്ഥയായി വികസിപ്പിക്കുന്ന എയ്‌റോ പാർക്ക്, വിമാന ഹാംഗറുകൾ, പാർക്കിംഗ് ബേകൾ, പരിശീലന സൗകര്യങ്ങൾ, സാങ്കേതിക സേവന യൂണിറ്റുകൾ, ബിസിനസ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരു കാമ്പസിൽ ഒരുമിച്ച് കൊണ്ടുവരും. ഫെബ്രുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും.

കൊച്ചി വിമാനത്താവളത്തിന്റെ പ്രധാന പദ്ധതിയായ എയ്‌റോ പാർക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗണ്യമായ നികുതി വരുമാനം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. അതിവേഗം വളരുന്ന വ്യോമയാന മേഖലയ്ക്ക് ഭാവി പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. ആദ്യ ഘട്ടത്തിന്റെ ഭാഗമായി 101 കോടി രൂപയുടെ സംയോജിത നിക്ഷേപമുള്ള ആറ് പദ്ധതികൾ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ഘട്ടത്തിലെ സുപ്രധാന ഘടകമാണ് CIASL ബിസിനസ് സെന്റർ. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന 30 കോടി രൂപയുടെ പ്രീമിയം കോ-വർക്കിംഗ് സൗകര്യമാണിത്. 400ലധികം പ്രൊഫഷണലുകളെയും ഏകദേശം 30 കമ്പനികളെയും ഉൾക്കൊള്ളാൻ രൂപകൽപന ചെയ്‌തിരിക്കുന്ന സംവിധാനം, ഒരു വിമാനത്താവള കമ്പനി നേരിട്ട് നടത്തുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ചുരുക്കം ചില സൗകര്യങ്ങളിൽ ഒന്നാണ്.
വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി 15 കോടി രൂപ ചിലവഴിച്ചുള്ള ടെക്നിക്കൽ സർവീസസ് ഫെസിലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിലെ സാങ്കേതികപരിപാലന രംഗത്ത് കേന്ദ്രീകൃത നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നു എന്നതാണ് ഇതിന്റെ സവിശേഷത. വിമാനത്താവള ആസ്തികളുടെ സംരക്ഷണം, അറ്റകുറ്റപ്പണി, വെണ്ടർമാരുടെ നിയന്ത്രണം എന്നിവയെല്ലാം ഒരൊറ്റ ഹബ്ബിന് കീഴിൽ ഏകോപിപ്പിക്കും. ഡാറ്റാ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനംവഴി ഓരോ ഉപകരണത്തിന്റെയും പ്രവർത്തനക്ഷമത നിരന്തരം നിരീക്ഷിക്കാനും കഴിയും.
Explore CIAL’s new 36-acre Aero Park in Kochi. An integrated aviation hub featuring business centers, technical services, and MRO facilities to boost jobs and revenue.
