മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ത്രീ-വീലറായ ‘മഹീന്ദ്ര ഉഡോ’ (Mahindra Udo) ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 2018 ഓട്ടോ എക്സ്പോയിൽ ടൂ-സീറ്റർ ത്രീവീലർ കൺസെപ്റ്റ് മോഡലായി അവതരിപ്പിക്കപ്പെട്ട ഉഡോ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വിപണിയിൽ എത്തിയത്. നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും യാത്രാ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ വാഹനം L5M കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മഹീന്ദ്ര ഉഡോ ഇലക്ട്രിക് ഓട്ടോ 3,84,299 രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്.

ഓട്ടോപ്ലെയിൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എയറോഡൈനാമിക് ഡിസൈാണ് ഉഡോയുടെ സവിശേഷത. വലിയ വിൻഡ്ഷീൽഡും സ്‌റ്റൈലിഷ് ഹെഡ്ലാമ്പുകളും ഇതിന് മോഡേൺ ലുക്ക് നൽകുന്നു. 11.7 kWh ശേഷിയുള്ള IP67 റേറ്റഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഉഡോയിൽ ഘടിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഈ ഇലക്ട്രിക് ഓട്ടോ ഒറ്റ ചാർജിൽ 200 കിലോമീറ്റർ ദൂരം ഓടുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. 10 kW (13.41 bhp) പവറും 52 Nm ടോർക്കും നൽകുന്ന മോട്ടോറാണ് വാഹനത്തിനുള്ളത്. മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ ഇലക്ട്രിക് മോട്ടോർ സഹായിക്കുന്നു.
മണിക്കൂറിൽ 55 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗത. റേഞ്ച്, റൈഡ്, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഈ ഇലക്ട്രിക് ഓട്ടോയിൽ ലഭ്യമാണ്. കൂടാതെ, റിവേഴ്‌സ് ത്രോട്ടിൽ, റീജനറേറ്റീവ് ബ്രേക്കിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ക്രീപ്പ് ഫങ്ഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രിക് മുച്ചക്ര വാഹന വിപണിയിലെ ആധിപത്യം ഊട്ടിയുറപ്പിക്കാൻ പുത്തൻ മോഡൽ മഹീന്ദ്രയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Mahindra debuts the UDO electric three-wheeler in India at ₹3,84,299. Featuring a unique aerodynamic design, 200km range, and 11.7 kWh battery, it’s built to redefine urban commuting.
