കേരളത്തിന്റെ ആദ്യത്തെ സ്വന്തം കപ്പൽ നിർമാണശാലക്ക് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. പൊന്നാനിയിൽ കേരള സർക്കാരിനുകീഴിലെ ആദ്യ കപ്പൽ നിർമാണശാലയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭായോഗം അനുമതി നൽകി. ആദ്യഘട്ടത്തിൽ 200 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. ചെറുതും ഇടത്തരവുമായ കപ്പലുകൾ, വലിയ ട്രോളിങ് ബോട്ടുകൾ എന്നിവ പൊന്നാനിയിൽ നിർമിക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമാകുന്നത് പൊന്നാനിക്കുമാത്രമല്ല സംസ്ഥാനത്തിനുതന്നെ അഭിമാനകരമായ നേട്ടമാണ്.

ഭാരതപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിനുസമീപം പഴയ ജങ്കാർ ജെട്ടിക്ക് അടുത്താണ് പദ്ധതി. ഇതിനായി പ്രദേശത്തെ 30 ഏക്കർ ഭൂമി കമ്പനിക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. ചൈനയിൽ പതിറ്റാണ്ടുകളോളം കപ്പൽ നിർമാണ മേഖലയിൽ പങ്കാളിത്തം വഹിച്ചവരുടെ നേതൃത്വത്തിലാണ് പൊന്നാനിയിൽ കപ്പൽ നിർമാണശാല നിർമിക്കുന്നത്. പിപിപി വ്യവസ്ഥയിലാണ് (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) പദ്ധതി. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി മാരിടൈം ബോർഡ് സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിരുന്നു. അംഗീകാരം നൽകിയതോടെ കരാറെടുത്ത ഹൈദരാബാദ് ആസ്ഥാനമായ ട്രാവൻകൂർ പ്രിസിഷ്യൻ കമ്പോണന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നിർമാണം ആരംഭിക്കാം.
അടുത്ത ദിവസം കപ്പൽ നിർമാണശാലയുടെ നിമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. വൻകിട കപ്പലുകൾ കൊച്ചിയിൽ നിർമിക്കുമ്പോൾ ചെറിയതും ഇടത്തരവുമായ കപ്പലുകൾ പൊന്നാനിയിൽ നിർമിക്കാനാണ് ലക്ഷ്യം. വലിയ ട്രോളിങ് ബോട്ടുകളും ഇവിടെ നിർമിക്കാം. 200 കോടിയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ വിഭാവനംചെയ്യുന്നത്. ഏഴുമുതൽ 10 വർഷത്തിനിടയിൽ 1000 കോടിയോളം രൂപ നിക്ഷേപിച്ച് വലിയ കപ്പലുകൾ നിർമിക്കും. കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ കപ്പൽ നിർമാണശാലയാക്കി പൊന്നാനിയെ മാറ്റുകയാണ് ലക്ഷ്യം.
The Kerala Cabinet has approved the state’s first-ever shipyard in Ponnani. This ₹200 crore PPP project aims to manufacture small to medium ships and trawling boats, positioning Ponnani as a major maritime hub after Kochi.
