ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ പരസ്പരം ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ (MFN) പദവി നൽകാൻ തയ്യാറെടുക്കുകയാണ്. കരാറിന്റെ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ നീക്കം ഇരു കക്ഷികളെയും ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാക്കുകയും, അംഗീകരിച്ച ആഗോള നിയമങ്ങൾക്കപ്പുറം പുതിയ ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഏകദേശം 18 വർഷത്തെ ചർച്ചകൾക്ക് ശേഷം അന്തിമരൂപം നൽകിയ ഈ കരാർ, യൂറോപ്യൻ പാർലമെന്റും ഇന്ത്യൻ അധികാരികളും നിയമപരമായി പരിശോധിച്ച് അംഗീകരിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. വ്യാപാരം ചെയ്യുന്ന സാധനങ്ങളുടെ മൊത്തമൂല്യത്തിന്റെ 96.6 ശതമാനത്തിനുമേൽ നിലവിലുള്ള താരിഫുകൾ ക്രമേണ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. 2032 ഓടെ ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ കയറ്റുമതി ഇരട്ടിയാക്കാനും യൂറോപ്യൻ കമ്പനികൾക്ക് പ്രതിവർഷം ഏകദേശം 4 ബില്യൺ യൂറോ തീരുവ ലാഭിക്കാനും കരാർ സഹായിക്കുമെന്ന് കണക്കാക്കുന്നു.
എംഎഫ്എൻ പദവി എന്താണ്?
ഒരു രാജ്യത്തിന് നൽകുന്ന ഏറ്റവും അനുകൂലമായ വ്യാപാര നിബന്ധനകൾ മറ്റ് രാജ്യത്തിനും സമാനമായി നൽകുമെന്ന് ഉറപ്പുനൽകുന്ന വ്യാപാര വ്യവസ്ഥയാണ് എംഎഫ്എൻ. അതായത്, ഒരു രാജ്യത്തിന് കുറഞ്ഞ തീരുവയോ മികച്ച വിപണി പ്രവേശനമോ നൽകിയാൽ അതേ സൗകര്യം പങ്കാളി രാജ്യത്തിനും നൽകണം. വ്യാപാരത്തിൽ വിവേചനം ഒഴിവാക്കി തുല്ല്യവും സ്ഥിരവുമായ നിയമങ്ങൾ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
India and the European Union set to strengthen ties with ‘Most Favoured Nation’ (MFN) status under a new FTA. The move aims to eliminate tariffs on 96.6% of goods and double EU exports to India by 2032
