കൊച്ചി വാട്ടർ മെട്രോ വിപുലീകരണത്തിന്റെ ഭാഗമായി നിലവിലെ എസ്ഡബ്ല്യുടിഡി ബോട്ട് ജെട്ടിക്ക് സമീപം അത്യാധുനിക ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഹൈക്കോടതി ടെർമിനൽ കേന്ദ്രീകരിച്ചാണ് പ്രധാന സർവീസുകൾ നടക്കുന്നത്. എന്നാൽ പുതിയ ടെർമിനൽ പൂർത്തിയാകുന്നതോടെ കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ തെക്കൻ-പടിഞ്ഞാറൻ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിക്കുമെന്ന് വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ.പി.ജോൺ അറിയിച്ചു.

നേരത്തെ തേവരയെ വാട്ടർ മെട്രോയുടെ പ്രധാന ഹബ്ബാക്കാനായിരുന്നു പദ്ധതിയെങ്കിലും, കെഎസ്ആർടിസി ഡിപ്പോ ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതേത്തുടർന്നാണ് ബോട്ട് ജെട്ടിക്ക് സമീപം വലിയ ടെർമിനൽ നിർമിച്ച് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി ടെർമിനലിന്റെ അത്രതന്നെ വലിപ്പമുള്ള പുതിയ കേന്ദ്രത്തിൽ വേലിയേറ്റ വ്യത്യാസങ്ങൾ ബാധിക്കാത്ത ഫ്ലോട്ടിംഗ് പോൺഡൂണുകൾ, അത്യാധുനിക ടിക്കറ്റ് കൗണ്ടറുകൾ, കഫേകൾ, വാണിജ്യ ഇടങ്ങൾ എന്നിവ സജ്ജീകരിക്കും. പണി ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ എന്നിവിടങ്ങളിലും വൈകാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.
Kochi Water Metro scales up! A new high-tech terminal is coming up near the Ernakulam SWTD jetty to connect Kumbalam and Edakkochi. Construction is expected to finish in 15 months. Read more about the expansion plans here.
