ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുമ്പോൾ കേരളം വലിയൊരു സാമ്പത്തിക ആഘാതത്തെ ഭയക്കുന്നു. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസി വരുമാനത്തിന്റെ ഏകദേശം 20 ശതമാനവും (1.94 ലക്ഷം കോടി രൂപ) കേരളത്തിലേക്കാണ് എത്തുന്നത്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡ്രോൺ ആക്രമണ ഭീഷണികൾ ഉയർന്നതോടെ ഐടി, ബിസിനസ് മേഖലയിലുള്ള പ്രൊഫഷണലുകൾ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതും ലോജിസ്റ്റിക്സ് മേഖലയിലെ തടസ്സങ്ങളും കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിൽ നിന്നുമാത്രം ഇന്ത്യയിലേക്ക് 19.2 ശതമാനം പണമെത്തുമ്പോൾ ഇതിൽ വലിയൊരു പങ്കും കേരളത്തിലെ കുടുംബങ്ങളിലേക്കാണ് എത്തുന്നത്.

ഗൾഫ് രാജ്യങ്ങളിലെ 80 ശതമാനത്തോളം ഇന്ത്യാക്കാരും മലയാളികളാണ് എന്നതിനാലാണ് ഈ പ്രതിസന്ധി കേരളത്തെ കൂടുതൽ ബാധിക്കുന്നത്. ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളുടെ തൊഴിൽ സുരക്ഷ ഇപ്പോൾ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം കാരണം ടാക്സി ഡ്രൈവർമാർ മുതൽ ഡെലിവെറി ജീവനക്കാർ വരെയുള്ള സാധാരണക്കാരുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായതായി നോർക്ക റൂട്ട്സ് വ്യക്തമാക്കുന്നു. 1991ലെ ഗൾഫ് യുദ്ധകാലത്തും കോവിഡ് സമയത്തും കണ്ടതുപോലെ, പ്രതിസന്ധി ഭയന്ന് പ്രവാസികൾ കൂട്ടമായി പണമയക്കുന്നത് തുടക്കത്തിൽ വർധിക്കുമെങ്കിലും, യുദ്ധം നീണ്ടുപോയാൽ അത് പ്രവാസികളെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളെ ദുരിതത്തിലാക്കും എന്നാണ് റിപ്പോർട്ട്.
As the Iran-Israel conflict escalates, Kerala faces a severe economic threat. With 20% of India’s remittances flowing into the state, learn how the Gulf war threat could hit Malayali families and the job market.
