എയിറ്റീസ്-നയന്റീസ് കിഡ്സ് അധികവും സംസ്കൃതം ആദ്യം കേട്ടിട്ടുണ്ടാകുക ‘സംപ്രതി വാർത്താഹ ശൂയന്താം’ എന്ന് തുടങ്ങുന്ന ആകാശവാണി സംസ്കൃതം വാർത്തയിലൂടെയായിരിക്കണം. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭാഷയായ സംസ്കൃതം സംസാരഭാഷയായി ഉപയോഗിക്കുന്നവർ ഇന്ന് വളരെ ചുരുക്കമാണ്. എന്നാൽ സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള രണ്ട് സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്- ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും. 2010ൽ ഉത്തരാഖണ്ഡ് സംസ്കൃതത്തിന് ഔദ്യോഗിക ഭാഷാ പദവി നൽകുന്ന ആദ്യ സംസ്ഥാനമായി മാറി. 2019ൽ ഹിമാചൽ പ്രദേശും ഈ പാത പിന്തുടർന്നു. പൗരാണിക ഭാഷയെ സംരക്ഷിക്കുന്നതിനും ജനകീയമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.

സംസാരഭാഷയായി വീണ്ടും
പുരാതന ഭാഷ എന്നതിലുപരി, ‘സംസ്കൃത ഭാരതി’ പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ സംസാര സംസ്കൃതത്തെ (Conversational Sanskrit) വീണ്ടെടുക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. 2025ലെ കണക്കുകൾ പ്രകാരം പത്ത് ദശലക്ഷത്തിലധികം ആളുകൾക്ക് ഈ സംഘടന പരിശീലനം നൽകിയിട്ടുണ്ട്. രാജ്യത്ത് ആറായിരത്തിലധികം ‘സംസ്കൃതം സംസാരിക്കുന്ന വീടുകൾ’ ഉണ്ടെന്നതും ശ്രദ്ധേയമാണ്.
പഠനം
സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ബോർഡുകൾ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ സംസ്കൃതം പഠിക്കാൻ അവസരം നൽകുന്നുണ്ട്. 2011ലെ സെൻസസ് പ്രകാരം 24,821 പേർ മാത്രമാണ് സംസ്കൃതം മാതൃഭാഷയായി രേഖപ്പെടുത്തിയതെങ്കിലും, 31 ലക്ഷത്തിലധികം ആളുകൾക്ക് ഈ ഭാഷ വഴങ്ങും എന്ന വസ്തുതയും ശ്രദ്ധേയമാണ്. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും സംസ്കൃത പഠനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിജിറ്റൽ യുഗത്തിലും പ്രസക്തി വർദ്ധിപ്പിച്ചുകൊണ്ട് 2022ൽ ഗൂഗിൾ ട്രാൻസലേറ്റിലും സംസ്കൃതം ഇടംപിടിച്ചു.
Explore the revival of Sanskrit in India. Learn about the two states that granted it official status, the growth of conversational Sanskrit, and its global academic significance.
