ഇന്ധനം ലാഭിക്കുന്നതിനായി മെയ് മുതൽ ഒക്ടോബർ വരെയുള്ള 20,000 സർവീസുകൾ റദ്ദാക്കാൻ ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നീക്കം. പ്രതിദിനം ശരാശരി 120 സർവീസുകൾ ഒഴിവാക്കുന്നതിലൂടെ ഏകദേശം 40,000 മെട്രിക് ടൺ ഇന്ധനം ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇന്ധനവില ഇരട്ടിയായതിനെത്തുടർന്ന് മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ലാഭകരമല്ലാത്ത ഹ്രസ്വദൂര സർവീസുകളാണ് പ്രധാനമായും റദ്ദാക്കുന്നത്. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ പുതുക്കിയ വിമാന ഷെഡ്യൂൾ കമ്പനി പ്രസിദ്ധീകരിക്കും. യൂറോപ്പിലെ വിമാന ഇന്ധന ശേഖരം ആറാഴ്ചത്തേക്ക് കൂടി മാത്രമേ തികയുകയുള്ളൂ എന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ലുഫ്താൻസയുടെ ഈ കടുത്ത നീക്കം.
ഡെൽറ്റ എയർലൈൻസ്, എയർ ഏഷ്യ എക്സ് തുടങ്ങിയ പ്രമുഖ ആഗോള വിമാനക്കമ്പനികളും ഇന്ധന പ്രതിസന്ധി മറികടക്കാൻ സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോളതലത്തിൽ വിതരണ ശൃംഖലയെ ബാധിച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇന്ധന ശേഖരം നിരീക്ഷിക്കാനും അംഗരാജ്യങ്ങൾക്കിടയിൽ അത് വിതരണം ചെയ്യാനുമുള്ള പുതിയ പദ്ധതികൾ യൂറോപ്യൻ കമ്മീഷൻ ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്.
Lufthansa announces the cancellation of 20,000 flights from May to October 2026 as aviation fuel prices double. The move aims to save 40,000 metric tons of fuel amid a global supply crisis
