ഇന്ത്യയിൽ പുതിയ കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നതിനായി കൊറിയൻ കമ്പനി എച്ച്‌ഡി ഹ്യുണ്ടായ് (HD Hyundai), എൻഷിപ്പ് ടിഎൻ (NSHIP TN), സാഗർമാല ഫിനാൻസ് കോർപ്പറേഷൻ എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. തമിഴ്‌നാട്ടിൽ നിർമ്മിക്കുന്ന ഈ പുതിയ ഷിപ്പ്‌യാർഡ് പദ്ധതിയിൽ എച്ച്‌ഡി ഹ്യുണ്ടായ് ആയിരിക്കും ഭൂരിഭാഗം ഓഹരി പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതാണ്ട് 33000 കോടി രൂപയുടെ പദ്ധതിയാണിത്.

പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയിൽ പ്രാദേശിക തൊഴിലാളികൾക്ക് കൊറിയയിൽ പരിശീലനം നൽകാനും തുടർന്ന് ഇന്ത്യയിൽ അത്യാധുനിക ഡിജിറ്റൽ ഷിപ്പ്‌യാർഡ് വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഡിസൈൻ മുതൽ ഉൽപ്പാദനം വരെയുള്ള മേഖലകളിൽ ആഗോള നിലവാരം ഉറപ്പാക്കാനാണ് ഈ നീക്കം. ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ കൂടുതൽ വിദേശ ഓർഡറുകൾ കരസ്ഥമാക്കാനും മികച്ച വിതരണ ശൃംഖല കെട്ടിപ്പടുക്കാനും ഹ്യുണ്ടായിക്ക് സാധിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.
HD Hyundai signs a historic deal to establish a ₹33,000 crore digital shipyard in Tamil Nadu. The project features AI-driven manufacturing and global training for local workers
