തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടർ (PFBR) ആദ്യമായി ‘ക്രിറ്റിക്കാലിറ്റി’ (നിയന്ത്രിതമായ ചെയിൻ റിയാക്ഷൻ) കൈവരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 133ആം എപ്പിസോഡിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഈ നേട്ടത്തെ “ചരിത്രപരമായ നാഴികക്കല്ല്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ റിയാക്ടർ ‘വികസിത ഭാരതം’ എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് പുതിയ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണ്ണായകമായ ഈ നേട്ടം 2026 ഏപ്രിൽ 6നാണ് കൈവരിച്ചത്. ആണവോർജ്ജ വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാർ മൊഹന്തി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്ര നിമിഷം. 500 മെഗാവാട്ട് ശേഷിയുള്ള ഈ റിയാക്ടർ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ദീർഘകാല ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ വലിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ (AERB) കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് റിയാക്ടർ പ്രവർത്തനക്ഷമമാക്കാൻ അനുമതി ലഭിച്ചത്.
പരമ്പരാഗത റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ‘ഫാസ്റ്റ് ബ്രീഡർ’ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. യുറേനിയം-പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് (MOX) ഇന്ധനമായി ഉപയോഗിക്കുന്ന ഈ റിയാക്ടർ, ഭാവിയിൽ ഇന്ത്യയുടെ സമൃദ്ധമായ തോറിയം നിക്ഷേപത്തെ ഊർജ്ജമാക്കി മാറ്റുന്നതിൽ സുപ്രധാനമാണ്. ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) വികസിപ്പിച്ച ഈ സാങ്കേതികവിദ്യയുടെ നിർമാണം BHAVINI ആണ് പൂർത്തിയാക്കിയത്.
Prime Minister Narendra Modi congratulates Indian scientists as the Kalpakkam Fast Breeder Reactor (PFBR) achieves first criticality. A massive step for India’s 3-stage nuclear program
