ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്റെ പ്രഭാത ശീലങ്ങളെയും ഭക്ഷണത്തോടുള്ള ഇഷ്ടങ്ങളെയും കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിലെ വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. രാവിലെ 6:30നും 7നും ഇടയിൽ ഉണരുന്ന പിച്ചൈ, ഒരു ‘മോർണിംഗ് പേഴ്സൺ’ അല്ലെന്നും അതുകൊണ്ട് തന്നെ ജോലിയിലേക്ക് കടക്കുന്നതിന് മുൻപ് സാവധാനം പ്രഭാതത്തെ വരവേൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കുന്നു.

സസ്യാഹാരിയായ താൻ എല്ലാ ദിവസവും ടോസ്റ്റ് ടീയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്. രാവിലെ പത്രം വായിക്കുന്നതിനൊപ്പം ചായ കുടിക്കുന്ന കാര്യത്തിൽ താൻ അതീവ നിർബന്ധിതനാണെന്നും, ഇന്ത്യയിൽ വളർന്നതിനാൽ ‘ഇംഗ്ലീഷ് സ്റ്റൈൽ’ ചായയോടുള്ള പ്രിയം ഇന്നും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെയുള്ള വ്യായാമത്തിന് പകരം വൈകുന്നേരങ്ങളിൽ വർക്കൗട്ട് ചെയ്യാനാണ് താൻ മുൻഗണന നൽകുന്നതെന്നും പിച്ചൈ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചും സുന്ദർ പിച്ചൈ മനസ് തുറന്നു. ബംഗളൂരുവിലാണെങ്കിൽ മസാല ദോശ കഴിക്കാനാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്നും അത് തന്റെ പ്രിയപ്പെട്ട വിഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലാണെങ്കിൽ ചോലെ ഭട്ടൂരയും മുംബൈയിലാണെങ്കിൽ പാവ് ഭജിയുമാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ. വിദേശത്താണെങ്കിലും തന്റെ ഇന്ത്യൻ വേരുകളോടുള്ള ഇഷ്ടം പിച്ചൈ പങ്കുവെച്ചു. പ്രഭാതത്തിൽ ന്യൂയോർക്ക് ടൈംസ് ഓൺലൈൻ വഴി വാർത്തകൾ വായിച്ചുകൊണ്ടാണ് അദ്ദേഹം ലോകവിവരങ്ങൾ അറിയുന്നത്.
Discover Google CEO Sundar Pichai’s morning habits, from his preference for English tea and toast to his favorite Indian dishes like Masala Dosa and Chole Bhature
