രാജ്യത്ത് ഈ ആഴ്ച അവസാനം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. എല്ലാ ശനിയാഴ്ചയും അവധിയാക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ്റെ (UFBU) നേതൃത്വത്തിലാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർനനാണിത്. സെപ്റ്റംബർ 11ന് ഒരു ദിവസത്തെ പണിമുടക്കും, തുടർന്ന് സെപ്റ്റംബർ 28, 29, 30 തീയതികളിൽ മൂന്ന് ദിവസത്തെ പണിമുടക്കുമാണ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.

ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും പ്രധാന സംഘടനകളുടെ കൂട്ടായ്മയാണ് UFBU. സമര ദിവസങ്ങളിലും ശാഖകളുടെ സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഇടപാടുകളെ ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം (എല്ലാ ശനിയാഴ്ചയും അവധി), പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ പുനഃപരിശോധന തുടങ്ങിയവയാണ് പ്രധാന യൂണിയൻ ആവശ്യങ്ങൾ. നിലവിൽ രണ്ടും നാലും ശനിയാഴ്ചകളിലാണ് ബാങ്കുകൾക്ക് അവധിയുള്ളത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിവിധ പൊതുമേഖലാ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നു. ജീവനക്കാരുടെ ആശങ്കകൾ ഗൗരവമായി എടുത്ത സർക്കാർ, 2025-26 സാമ്പത്തിക വർഷത്തേക്കുള്ള പിഎൽഐ പദ്ധതിയുടെ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെയ്ക്കാനും, ഉഭയകക്ഷി ചർച്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ വ്യക്തത വരാത്തതിനാൽ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം.
Banking services across India face disruptions as UFBU declares a nationwide strike demanding a five-day work week and resolution of key issues
