കേരളത്തിന്റെ ഡീപ് ടെക് ആവാസവ്യവസ്ഥയും സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സഹസ്ഥാപകൻ ടോണി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പ്രാദേശിക സാങ്കേതിക കമ്പനികൾക്ക് സോഹോ നൽകിവരുന്ന മാർഗനിർദേശങ്ങളും പിന്തുണയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

കേരളത്തിലെ സാങ്കേതിക മേഖലയുടെ വളർച്ചയ്ക്കും പ്രാദേശിക സ്റ്റാർട്ടപ്പുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ ഇരുവരും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനും ശ്രീധർ വെമ്പുവും തങ്ങളുടെ എക്സ് അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ഉൾക്കാഴ്ചയുള്ള കൂടിക്കാഴ്ചയായിരുന്നുവെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. തനിക്കും ടോണി തോമസിനും സമയം അനുവദിച്ചതിന് ശ്രീധർ വെമ്പു മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമീണ, ചെറുപട്ടണ മേഖലകളിലേക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ എത്തിക്കുന്നതിനുമുള്ള സോഹോയുടെ ലക്ഷ്യങ്ങൾക്ക് ചർച്ചകൾ കൂടുതൽ വേഗം പകരുമെന്ന് ശ്രീധർ വെമ്പു പറഞ്ഞു. കേരളത്തെ ആഗോള എഐ, എമർജിങ് ടെക്നോളജി ഹബ്ബാക്കി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന് ഇത്തരം സഹകരണങ്ങളും കൂടിക്കാഴ്ചകളും കൂടുതൽ ഊർജം പകരുമെന്നാണ് വിലയിരുത്തൽ.
Kerala CM V.D. Satheesan meets Zoho founder Sridhar Vembu to discuss expanding the state’s deep-tech ecosystem and rural technology initiatives
