അമേരിക്കയുമായുള്ള സാമ്പത്തിക-തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന അപേക്ഷകർക്ക് വിസ നടപടികളിൽ മുൻഗണന നൽകുന്ന പുതിയ ‘അമേരിക്ക ഫസ്റ്റ്’ വിസ ഷെഡ്യൂളിംഗ് ടൂൾ യുഎസ് പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ യഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് യുഎസ് കോൺസുലേറ്റുകളുടെ പ്രവർത്തന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിപ്ലവകരമായ മാറ്റം വ്യക്തമാക്കിയത്.

ഇതനുസരിച്ച് യുഎസുമായി ബിസിനസ്സ് ഇടപാടുകൾ നടത്തുന്നവർക്കും, കരാറുകളിൽ ഒപ്പുവെക്കാൻ പോകുന്നവർക്കും, നിക്ഷേപകർക്കും വിസ ഷെഡ്യൂളിംഗിൽ ഇനി മുതൽ വേഗത്തിൽ അനുമതി ലഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സന്ദർശനങ്ങൾക്കും പങ്കാളിത്ത യോഗങ്ങൾക്കും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഈ പുതിയ സ്മാർട്ട് ഷെഡ്യൂളിംഗ് സംവിധാനം ഏറെ സഹായകരമാകും.
ഇന്ത്യൻ കമ്പനികൾ യുഎസിൽ നടത്തുന്ന 20 ബില്യൺ ഡോളറിന്റെ നിക്ഷേപവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തവും ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുമായുള്ള ബന്ധം തങ്ങൾക്ക് എത്രത്തോളം സുപ്രധാനമാണെന്ന് റൂബിയോ വ്യക്തമാക്കിയത്. സുരക്ഷിതവും സുഗമവുമായ കോൺസുലർ സംവിധാനം ഈ ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ അപേക്ഷകർക്ക് മാത്രമല്ല, എംബസിയിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥർക്കും പുതിയ പരിഷ്കാരങ്ങൾ ഏറെ പ്രയോജനം ചെയ്യും. കോൺസുലർ നടപടികൾ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമാക്കുന്നതിലൂടെ ചെലവുകൾ ചുരുക്കാനും യുഎസിന്റെ ദേശീയ താല്പര്യങ്ങൾ മുൻനിരയിൽ നിന്ന് സംരക്ഷിക്കുന്ന ജീവനക്കാരുടെ ജോലി എളുപ്പമാക്കാനും ഇതിലൂടെ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു
US Secretary of State Marco Rubio announces the ‘America First’ visa scheduling tool in Delhi to expedite visas for Indian investors and business professionals.
