സംസ്ഥാനത്ത് വലിയ ജനരോഷത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ച സിൽവർലൈൻ (കെ-റെയിൽ) സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പുതിയ യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയതോടെ, കേരളത്തിന്റെ ഭാവി അതിവേഗ ഗതാഗതം ഇനി എങ്ങോട്ട് എന്ന ചോദ്യം ഉയരുകയാണ്. ഇതിനിടെ സിൽവർലൈന് ബദലായി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റൊരു അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ‘മെട്രോമാൻ’ ഇ. ശ്രീധരൻ.

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ പുതിയ പദ്ധതിയുടെ വിശദമായ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞദിവസം അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് കണ്ട് സമർപ്പിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഈ പുതിയ ഹൈസ്പീഡ് റെയിൽ പാതയ്ക്ക് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ വെറും അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഇ. ശ്രീധരൻ ഉറപ്പുനൽകുന്നത്.
വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതുമാണ് മുൻപത്തെ സിൽവർലൈൻ പദ്ധതി നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ, ഇ. ശ്രീധരൻ സമർപ്പിച്ച പുതിയ ബ്ലൂപ്രിന്റ് പ്രകാരം റെയിൽ പാതയുടെ 70 ശതമാനത്തോളം ഭാഗം തൂണുകളിന്മേൽ ഉയർന്ന പാതകളായും 20 ശതമാനത്തോളം ഭാഗം ഭൂമിക്കടിയിലൂടെയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. വെറും 20 മീറ്റർ വീതിയിൽ മാത്രം ഭൂമി ആവശ്യമുള്ള ഈ പദ്ധതിയിൽ, നിർമ്മാണത്തിന് ശേഷം സ്ഥലം ഉടമകൾക്ക് തന്നെ തിരികെ നൽകുമെന്നതിനാൽ ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ പൂർണ്ണമായും ഒഴിവാക്കാം.
465 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ 22 സ്റ്റേഷനുകൾ ഉണ്ടാകും. പരിസ്ഥിതി സൗഹൃദവും സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കുമുള്ള ഒരു ബദൽ സംവിധാനം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഈ പുതിയ റിപ്പോർട്ട് അടുത്ത 15 ദിവസത്തിനകം സംസ്ഥാന ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വെയ്ക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Metroman E. Sreedharan submits a new high-speed rail blueprint for Kerala to CM V.D. Satheesan. Discover the features of this eco-friendly Silverline alternative.
