ഇന്ത്യ-സെയ്ഷെൽസ് ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ നിർണായക തീരുമാനങ്ങൾ. സെയ്ഷെൽസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് പാട്രിക് ഹെർമിനിയുമായി നടത്തിയ പ്രതിനിധിതല ചർച്ചയിലാണ് പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായത്. ഇരുരാജ്യങ്ങളുടെയും പ്രതിരോധവും സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സെയ്ഷെൽസിന്റെ സമുദ്ര സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിച്ച ‘പിഎസ് ലെസ്പ്വാർ’ ഫാസ്റ്റ് പട്രോൾ വെസ്സലും ആംബുലൻസുകളും ഉൾപ്പെടെയുള്ളവ സെയ്ഷെൽസ് കോസ്റ്റ് ഗാർഡിന് കൈമാറി. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) മേഖലയിലെ വിജയകരമായ അനുഭവങ്ങൾ സെയ്ഷെൽസുമായി പങ്കുവെക്കുമെന്നും വ്യവസായ രംഗത്ത് പുതിയ അവസരങ്ങൾ തേടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തെ അവസരങ്ങളുടെ ഒരു സമുദ്രമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലുപ്പച്ചെറുപ്പമില്ലാതെ പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ പങ്കാളിത്തമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം സാമ്പത്തിക പുരോഗതി കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മുൻനിർത്തി സെയ്ഷെൽസിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സെയ്ഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പങ്കെടുത്തു.
PM Narendra Modi and Seychelles President Patrick Herminie strengthen strategic ties, focusing on maritime security, defence cooperation, and Digital Public Infrastructure.
