ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പരമ്പരാഗത ഐടി നഗരങ്ങളിൽ പ്രവർത്തനച്ചെലവ് കുതിച്ചുയരുകയും പ്രതിഭകളുടെ ദൗർലഭ്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ദക്ഷിണേന്ത്യയിലെ പ്രധാന ഗ്ലോബൽ കാപ്പബിലിറ്റി സെന്റർ (GCC) ഹബ്ബായി മാറാൻ കൊച്ചി ഇൻഫോപാർക്ക് ഒരുങ്ങുന്നു. വെറുമൊരു ഐടി സേവന കേന്ദ്രം എന്നതിനപ്പുറം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (R&D), ഇന്നൊവേഷൻ ഹബ്ബുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾക്ക് മുൻഗണന നൽകുന്ന ജിസിസികളുടെ പ്രാദേശിക കേന്ദ്രമായി ഇൻഫോപാർക്കിനെ മാറ്റാനാണ് പുതിയ ദീർഘകാല റോഡ്മാപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ജിസിസികളുടെ എണ്ണം 120 ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ ജിസിസി നയം ഇൻഫോപാർക്കിനെയാണ് ഇതിന്റെ പ്രധാന ലോഞ്ച്പാഡായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി സേവനങ്ങളിലൂടെ കേരളത്തിൽ 1.6 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ വ്യക്തമാക്കി.

നിലവിൽ ഇരുപതോളം ജിസിസികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്കിലേക്ക് കൂടുതൽ അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുന്നതിനായി മിഡിൽ ഈസ്റ്റിൽ ജിസിസി കോൺക്ലേവ് സംഘടിപ്പിക്കുന്നതടക്കമുള്ള വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ ആഗോള ജിസിസി കൺസൾട്ടിംഗ് സ്ഥാപനമായ ഇൻഡക്ടസ് ഗ്രൂപ്പുമായി ഇൻഫോപാർക്ക് പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാന ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ പങ്കാളിത്തം ഉറപ്പാക്കിയത്. മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഉയർന്ന നൈപുണ്യമുള്ള ജീവനക്കാരുടെ ലഭ്യതയും മുൻനിർത്തി ആഗോള കമ്പനികൾക്ക് തങ്ങളുടെ സാങ്കേതിക പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കൊച്ചി വാഗ്ദാനം ചെയ്യുന്നതെന്ന് ഇൻഡക്ടസ് ഗ്രൂപ്പ് സിഇഒ അലോക് കുമാർ അഭിപ്രായപ്പെട്ടു.
Kochi Infopark steps up to become South India’s premier Global Capability Centre (GCC) hub, targeting 1.6 lakh new high-tech jobs over the next five years.
