ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് തദ്ദേശീയമായി ചെറു അണുശക്തി റിയാക്ടറുകൾ (Small Modular Reactors) നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ഇന്ത്യ വേഗത്തിലാക്കി. 2033ഓടെ കുറഞ്ഞത് അഞ്ച് ചെറിയ അണുശക്തി യൂണിറ്റുകളെങ്കിലും പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 220 മെഗാവാട്ട് ശേഷിയുള്ള ‘ഭാരത് സ്മോൾ മോഡുലാർ റിയാക്ടർ’, 55 മെഗാവാട്ട് റിയാക്ടർ, ഹൈഡ്രജൻ ഉത്പാദനത്തിനായി രൂപകൽപ്പന ചെയ്ത ഹൈ-ടെമ്പറേച്ചർ ഗ്യാസ്-കൂൾഡ് റിയാക്ടർ എന്നിവ ബാബാ അറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ താരാപൂരാണ് 220 മെഗാവാട്ട്, 55 മെഗാവാട്ട് പദ്ധതികൾക്കായി ആറ്റോമിക് എനർജി കമ്മീഷൻ അംഗീകരിച്ചിട്ടുള്ള സ്ഥലം.

ക്ലീൻ എനെർജി ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം അണുശക്തി ഉത്പാദന മേഖല സ്വകാര്യ ആഭ്യന്തര, വിദേശ കമ്പനികൾക്കായി ഇന്ത്യ തുറന്നുകൊടുത്തിരുന്നു. നിലവിലുള്ള 8.8 ജിഗാവാട്ട് ശേഷി 2047ഓടെ 100 ജിഗാവാട്ടായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. 2031-32ഓടെ അണുശക്തി ശേഷി ഏകദേശം 22 ജിഗാവാട്ടാക്കി ഉയർത്താനാണ് പദ്ധതിയിടുന്നതെന്നും ഇതിൽ ചെറിയ റിയാക്ടറുകൾ നിർണായക പങ്ക് വഹിക്കുമെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ സംസാരിക്കവേ വ്യക്തമാക്കി. ടാറ്റാ പവർ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ വൻകിട സ്വകാര്യ കമ്പനികളും ഈ മേഖലയിൽ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്.
India accelerates plans for indigenous Small Modular Reactors (SMR), targeting at least five operational units by 2033 to boost clean energy and reduce reliance on fossil fuels.
