പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ (Meta) സി.ഇ.ഒ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കമ്പനിക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ പിൻവലിക്കണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐ.ടി പാർലമെന്ററി സമിതി യോഗത്തിൽ ആവശ്യമുയർന്നു. ഇന്ത്യയിൽ വലിയ തോതിൽ വരുമാനമുണ്ടാക്കുന്ന സോഷ്യൽ മീഡിയ ഭീമന്മാർ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും, രാജ്യത്തിന്റെ സുസ്ഥിരതയെ തകർക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും സമിതിയിലെ അംഗങ്ങൾ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് മെറ്റാ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചെങ്കിലും, ഇത് കേവലം ഒരു മാപ്പ് പറച്ചിലിൽ ഒതുങ്ങില്ലെന്നും കൃത്യമായ ഉത്തരവാദിത്തം നിശ്ചയിച്ച് നിയമനടപടി സ്വീകരിക്കണമെന്നും സമിതി അംഗങ്ങൾ കടുത്ത നിലപാടെടുത്തു. സാങ്കേതിക തകരാർ കാരണമാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) വ്യക്തമാക്കിയിരുന്നു. പ്ലാറ്റ്ഫോമിലെ അൽഗോരിതം പക്ഷപാതങ്ങളെക്കുറിച്ചും സമിതി യോഗത്തിൽ മെറ്റയ്ക്കെതിരെ വിമർശനം ഉയർന്നു.
An IT Parliamentary panel led by MP Nishikant Dubey has demanded an apology from Meta CEO Mark Zuckerberg over the removal of PM Narendra Modi’s Facebook post.
