കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോ വെസ്സലിൽ കുടുങ്ങിയ അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വൈപ്പിൻ-ഫോർട്ട് കൊച്ചി റോ റോ സർവീസിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയത്. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സാങ്കേതിക തകരാർ.

വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതോടെ വൻ അപകടം ഒഴിവായി. കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോൾ ബോട്ടും സംഘവും ചേർന്ന് പിന്തുടർന്ന് വടം ബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. സംഭവസമയത്ത് 50ഓളം യാത്രക്കാർക്കു പുറമേ ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും റോ റോയിൽ ഉണ്ടായിരുന്നു
Major disaster averted as 50 passengers were rescued after a Fort Kochi-Vypeen Ro-Ro ferry suffered engine failure and drifted toward the sea.
