ഫേസ്ബുക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മെറ്റ (Meta) ഉന്നതതല സംഘം. മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം (MeitY) സെക്രട്ടറി എസ്. കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്യപ്പെടാനിടയായ കാരണങ്ങൾ മെറ്റാ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം നിരുപാധികം മാപ്പ് പറയണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ഐ.ടി ആക്ടിലെ സെക്ഷൻ 79(3) പ്രകാരം കമ്പനിക്കുള്ള നിയമപരിരക്ഷ പിൻവലിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, കൃത്രിമമായി നിർമ്മിച്ച ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇന്നും നാളെയുമായുള്ള ചർച്ചകളിൽ സുപ്രധാന വിഷയമാണ്. ഇന്ത്യൻ നിയമങ്ങളെക്കുറിച്ചുള്ള മെറ്റയുടെ ധാരണ വ്യക്തമാക്കുന്നതിനും, നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് സർക്കാർ ഇതിൽ പ്രധാനമായും ഊന്നൽ നൽകുന്നത്.
ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ കമ്പനിക്ക് ഔദ്യോഗിക നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വാട്സാപ്പ് ഉൾപ്പെടെയുള്ള സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളിൽ യൂസർനെയിമുകൾ കൊണ്ടുവരുന്നതിനുള്ള നിർദ്ദേശങ്ങളും സർക്കാർ പരിശോധിച്ചു വരികയാണ്
Meta top officials led by Joel Kaplan meet MeitY Secretary S Krishnan in Delhi after PM Modi’s video was mistakenly removed from Facebook.
