ഇന്ധനത്തിൽ എഥനോൾ മിശ്രണം ചെയ്യുന്ന പരീക്ഷണം ഇന്ത്യയല്ല ലോകത്താദ്യമായി നടത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിനും കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുമായി യുഎസ്, ബ്രസീൽ, തായ്ലൻഡ്, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളും സമാനമായ നയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സ്
ലോകത്തിലെ ഏറ്റവും വലിയ എഥനോൾ ഉത്പാദകരായ യു.എസിൽ 1978ലെ എനർജി ടാക്സ് ആക്ട് പ്രകാരമാണ് പെട്രോളിൽ എഥനോൾ മിശ്രണം ഔദ്യോഗികമായി ആരംഭിച്ചത്. നിലവിൽ രാജ്യത്തെ പമ്പുകളിൽ E10 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതങ്ങൾ ലഭ്യമാണ്.
ബ്രസീൽ
കരിമ്പിൽ നിന്നുള്ള എഥനോൾ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീൽ, 1975ലാണ് ഔദ്യോഗികമായി ‘പ്രോആൽക്കോൾ’ (ProÁlcool) പദ്ധതി ആരംഭിച്ചത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഉപഭോക്താക്കൾക്ക് സാധാരണ E27 ഇന്ധനത്തോടൊപ്പം വിലക്കുറവുള്ള E100 ഇന്ധനവും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
തായ്ലൻഡ്
ഏഷ്യയിൽ ആദ്യമായി (2003ൽ) E10 ഇന്ധനം അവതരിപ്പിച്ച രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. കശുവണ്ടി, മരച്ചീനി, മൊളാസസ് എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുകയാണ് രാജ്യം ലക്ഷ്യമിട്ടത്.
കാനഡ
രാജ്യത്തെ ഗ്രീൻഹൗസ് ഗ്യാസ് എമിഷൻ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാനഡ 2010ലാണ് റിന്യൂവബിൾ ഫ്യൂവൽസ് റെഗുലേഷൻ പ്രകാരം എഥനോൾ മിശ്രണ പദ്ധതി ആരംഭിച്ചത്. ശൈത്യകാലത്ത് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിൽ നേരിടുന്ന പ്രയാസങ്ങൾ കാരണം രാജ്യവ്യാപകമായി ഉയർന്ന അളവിലുള്ള എഥനോൾ മിശ്രണം നടപ്പിലാക്കുന്നത് കാനഡയ്ക്ക് വെല്ലുവിളിയാണ്.
ഫ്രാൻസ്
യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ എഥനോൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ഫ്രാൻസ്, 2009ലാണ് SP95-E10 ഇന്ധനപദ്ധതി രാജ്യവ്യാപകമായി ആരംഭിച്ചത്. പെട്രോളിനേക്കാൾ വിലക്കുറവുള്ള E85 ഇന്ധനം ഉപയോഗിക്കുന്നതിനായി പുതിയ വാഹനങ്ങൾ വാങ്ങാതെ തന്നെ എഞ്ചിനുകളിൽ ഘടിപ്പിക്കാവുന്ന പ്രത്യേക കൺവേർഷൻ കിറ്റുകൾ 2018ൽ ഫ്രാൻസ് നിയമവിധേയമാക്കി.
Explore how the US, Brazil, Thailand, Canada, and France successfully implemented ethanol fuel blending policies long before India adopted E20 fuel
