ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വാങ്ങലുകളിൽ ഒന്നായ 114 റഫാൽ യുദ്ധവിമാന കരാറിനായി ഫ്രാൻസ് വിശദമായ സാങ്കേതിക, വാണിജ്യ നിർദ്ദേശം ഇന്ത്യയ്ക്ക് സമർപ്പിച്ചു. മെയ് മാസത്തിൽ ഇന്ത്യ നൽകിയ LoRന് മറുപടിയായാണ് ഈ സുപ്രധാന നീക്കം. ഈ കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാവി കരുത്തിന്റെ നെടുംതൂണായി റഫാൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ൽ നീണ്ട ആഗോള മത്സരത്തിനൊടുവിലാണ് പ്രതിരോധ മന്ത്രാലയം റഫാൽ വിമാനങ്ങളെ തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷൻ വിംഗും ഇന്ത്യൻ വ്യോമസേനയും ചേർന്ന് ഈ ഫ്രഞ്ച് നിർദ്ദേശം നിലവിൽ വിശദമായി പരിശോധിച്ച് വരികയാണ്.

ഈ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയ്ക്കുള്ളിലെ വലിയ തോതിലുള്ള തദ്ദേശീയ നിർമ്മാണമാണ്. 114 വിമാനങ്ങളിൽ 94 എണ്ണവും ഇന്ത്യയിൽ വെച്ചായിരിക്കും നിർമ്മിക്കുക. ദസോ ഏവിയേഷൻ, മിസൈൽ നിർമ്മാതാക്കളായ എം.ബി.ഡി.എ, എഞ്ചിൻ നിർമ്മാതാക്കളായ സഫ്രാൻ, താലെസ് തുടങ്ങിയ പ്രമുഖ ഫ്രഞ്ച് കമ്പനികൾ ടാറ്റ, എൽ ആൻഡ് ടി തുടങ്ങിയ ഇന്ത്യൻ വ്യവസായ പങ്കാളികളുമായി ചേർന്ന് ഇത് യാഥാർത്ഥ്യമാക്കും. അസ്ട്രാ എയർ-ടു-എയർ മിസൈലുകളുടെ വകഭേദങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ആയുധങ്ങൾ വിമാനത്തിൽ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇന്ത്യ വിശകലനം ചെയ്യുന്നുണ്ട്. ഈ കരാറിലൂടെ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യൻ നിർമ്മിത മിഗ് വിമാനങ്ങളുടെ വിരമിക്കലും തദ്ദേശീയ വിമാനങ്ങളായ എൽ.സി.എ മാർക്ക് 1എ, മാർക്ക് 2 എന്നിവയുടെ നിർമ്മാണത്തിലെ കാലതാമസവും കാരണം വ്യോമസേനയുടെ സ്ക്വാഡ്രൻ കരുത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്. നിലവിൽ വ്യോമസേനയും നാവകസേനയും ചേർന്ന് 62 റഫാൽ വിമാനങ്ങൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. 114 വിമാനങ്ങളുടെ പുതിയ കരാർ കൂടി യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ പക്കലുള്ള റഫാലുകളുടെ എണ്ണം 176 ആയി ഉയരും. ഇതിനുപുറമെ, സമുദ്ര സുരക്ഷയ്ക്കായി 31 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ നാവികസേന താൽപ്പര്യപ്പെടുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ മൊത്തം റഫാൽ വിമാനങ്ങളുടെ എണ്ണം 200 കടക്കുമെന്നാണ് കരുതുന്നത്. അഞ്ച് മാസം മുമ്പ് പ്രതിരോധ കൗൺസിൽ അംഗീകരിച്ച ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനത്തിന് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്
France submits a proposal for 114 Rafale fighter jets, offering a ₹1.6 lakh crore business opportunity for Indian firms with local manufacturing of 94 jets.
