തുറമുഖം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിക്ഷേപം തേടി മുഖ്യമന്ത്രി വിഡി സതീശൻ ഇന്ത്യയിലെ യുഎസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ വികസനം എന്നിവയിൽ ഊന്നി കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ചയിലെ മുൻഗണന.

കേരളത്തിലെയും അമേരിക്കയിലെയും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റങ്ങൾ, ഇന്നൊവേഷൻ പങ്കാളിത്തം എന്നിവ വ്യാപിപ്പിക്കുന്നതിന് മുഖ്യമന്ത്രി ഊന്നൽ നൽകി. കൂടാതെ, ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
ആദ്യമായാണ് കേരളം സന്ദർശിക്കുന്നതെന്നും സംസ്ഥാനത്തിന്റെ പ്രകൃതിഭംഗിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും അന്താരാഷ്ട്ര ടൂറിസം സാധ്യതകളും തന്നെ വളരെയധികം ആകർഷിച്ചുവെന്നും യുഎസ് അംബാസഡർ പറഞ്ഞു. ആയൂർവേദവും വെൽനസ് ടൂറിസവും ഉപയോഗപ്പെടുത്തി കൂടുതൽ യുഎസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സിസ്റ്റർ സിറ്റീസ്’ (Sister Cities) എന്ന ആശയം മുൻനിർത്തി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങൾ തമ്മിൽ സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കാനുള്ള സാധ്യതകളും അദ്ദേഹം മുന്നോട്ടുവെച്ചു.
തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ കേരളത്തിൽ വർധിച്ചുവരുന്ന വിദേശ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട ഷിപ്പ് ബിൾഡിംഗ്, ഷിപ്പ് റിപ്പെയർ, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയായി.
അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപ അവസരങ്ങളുമായി സഹകരിക്കാൻ താല്പര്യമുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. അമേരിക്കയിലെ മലയാളി സമൂഹവുമായും വ്യവസായ ശൃംഖലകളുമായും ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് യുഎസിൽ ഒരു ‘ഇൻവെസ്റ്റ് ഡെസ്ക്’ (Invest Desk) സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇരു വിഭാഗങ്ങൾക്കും പ്രയോജനകരമായ ഈ സഹകരണം വരും ദിവസങ്ങളിലും മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമുള്ളതായി ഇരുപക്ഷവും വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
The Chief Minister met with US Ambassador Sergio Gor in Kochi to strengthen economic, port, and educational ties. The Ambassador informed that American companies are interested in collaborating with investment opportunities in Kerala. The Chief Minister emphasized expanding joint research, academic exchanges, and innovation partnerships between universities and research institutions in Kerala and the United States.
