ഓരോ സാമ്പത്തികവർഷവും ലാഭത്തിൽ റിക്കാർഡ് നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഒരു പഴയ കാല പൊതു സ്വകാര്യ നിക്ഷേപ സംരംഭം. കൊച്ചിൻ അന്തരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് (CIAL). ഭാവിയിൽ വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക്
ഇറങ്ങാൻ ഒരുങ്ങുകയാണ് സിയാൽ.

ഇക്കുറി ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. ഇതോടെ നിക്ഷേപകർക്കു 55 ശതമാനം ലാഭവിഹിതമാണ് ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുള്ളത്.
2025 – 26 സാമ്പത്തികവർഷത്തിൽ 1,220 കോടി രൂപയാണ് സിയാൽ മൊത്തവരുമാനം നേടിയത്. മുൻവർഷത്തേക്കാൾ 6.6 ശതമാനമാണു വർധനവ്. അറ്റാദായം 499 കോടി രൂപയിൽനിന്ന് 502 കോടിയായും ഉയർന്നു. ഇനി സെപ്റ്റംബറിൽ നടക്കുന്ന നിക്ഷേപകരുടെ വാർഷിക പൊതുയോഗം ലാഭവിഹിതമുൾപ്പെടെ അംഗീകരിക്കണം.
തുടർച്ചയായ നാലാം സാമ്പത്തികവർഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളമെന്ന നേട്ടവും സിയാൽ നിലനിർത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണു സിയാൽ വഴി യാത്ര ചെയ്തത്. ഇതേ കാലയളവിൽ 73,134 വിമാനസർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു.
വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനായ ശേഷം ചേർന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികൾക്ക് രൂപം നൽകി. ഡയറക്ടർ ബോർഡ് യോഗത്തിൽ ചെയർമാനുപുറമെ ബോർഡ് അംഗങ്ങളായി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോൺ എന്നിവരും ചുമതലയേറ്റു.
രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത പത്തു വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാനസൗകര്യ നിക്ഷേപമാണു പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത മുന്നിൽക്കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി പദ്ധതികൾ ആവിഷ്കരിക്കുന്നത്.
വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് സർവീസസ്, ഡ്യൂട്ടി ഫ്രീ, കൊമേഴ്സ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് എന്നിവയിൽ മറ്റു വിമാനത്താവളങ്ങൾക്ക് ആവശ്യമായ കൺസൾട്ടൻസി നൽകുകയാണ് ലക്ഷ്യം.
ഡയറക്ടർമാരായ ബിശ്വനാഥ് സിൻഹ, ചീഫ് സെക്രട്ടറി ഭരത്ഭൂഷൺ, അരുണാ സുന്ദരരാജൻ, എം.എ. യുസഫലി, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
For the first time in history, CIAL’s profit has crossed ₹500 crore. With this, the Board of Directors has recommended a 55 percent dividend for investors. In the 2025–26 financial year, CIAL earned a total revenue of ₹1,220 crore, marking a 6.6 percent increase from the previous year. Net profit also rose from ₹499 crore to ₹502 crore. CIAL has also decided to enter the airport consultancy sector.
