രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നിർദേശങ്ങളുമായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. സ്വകാര്യ ആശുപത്രികളിലെ മുറിവാടക മുതൽ ശസ്ത്രക്രിയ, പരിശോധനകൾ, മരുന്നുകൾ എന്നിവയുടെ നിരക്കുകളിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരണമെന്നാണ് ആരോഗ്യ-കുടുംബക്ഷേമവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടെ ശുപാർശ.
സ്വകാര്യ ആശുപത്രിയിലെ അടിസ്ഥാന മുറിവാടക, അതേ പ്രദേശത്തോ സമീപപ്രദേശത്തോ പ്രവർത്തിക്കുന്ന ത്രീ സ്റ്റാർ ഹോട്ടലുകളുടെ ശരാശരി റൂം നിരക്കിനേക്കാൾ കൂടുതലാകരുതെന്നാണ് സമിതിയുടെ പ്രധാന നിർദേശം. വലിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികൾക്ക് ഈ മാനദണ്ഡം നിർബന്ധമാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

അതേസമയം, റെസിഡന്റ് ഡോക്ടർമാരുടെ സേവനം, നഴ്സിങ്, ഡിസ്പോസിബിൾ കൺസ്യൂമബിൾസ്, ഭക്ഷണം, ലോൺഡ്രി തുടങ്ങിയ സേവനങ്ങളുടെ ചെലവ് അടിസ്ഥാന റൂം നിരക്കിന് പുറമേ ഈടാക്കാൻ അനുവദിക്കാമെന്നും ശുപാർശയിൽ പറയുന്നു.
സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് പലപ്പോഴും അഞ്ചു മുതൽ പത്തിരട്ടി വരെ അധിക ചെലവ് വരുന്നതായി സമിതി ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ആശുപത്രിയിലെ ശരാശരി ആശുപത്രിവാസ ചെലവ് ₹6,631 ആയിരിക്കുമ്പോൾ സ്വകാര്യ ആശുപത്രിയിൽ ഇത് ₹50,508 വരെയാണെന്ന് സമിതി പരാമർശിക്കുന്നു.
പ്രസവം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗങ്ങൾ തുടങ്ങിയ ചികിത്സകളിലാണ് ചെലവിലെ അന്തരം കൂടുതൽ പ്രകടമാകുന്നത്. പ്രസവത്തിനുള്ള ശരാശരി ചെലവ് സ്വകാര്യ ആശുപത്രികളിൽ ₹37,630 ആയിരിക്കുമ്പോൾ പൊതുമേഖലാ ആരോഗ്യ സ്ഥാപനങ്ങളിൽ ഇത് ₹2,299 മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാധാരണയായി നടക്കുന്ന ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും സ്റ്റാൻഡേർഡ് പാക്കേജ് നിരക്കുകൾ നിശ്ചയിക്കണമെന്നും സമിതി നിർദേശിക്കുന്നു. ആശുപത്രികൾക്കിടയിൽ ഒരേ ചികിത്സയ്ക്ക് വലിയ നിരക്ക് വ്യത്യാസം ഉണ്ടാകുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.
ചികിത്സ ആരംഭിക്കുന്നതിന് മുൻപ് പ്രതീക്ഷിക്കുന്ന മൊത്തം ചികിത്സാ ചെലവ് സംബന്ധിച്ച് രോഗിക്കും കുടുംബത്തിനും വ്യക്തമായ എസ്റ്റിമേറ്റ് നൽകണമെന്നും നിർദേശമുണ്ട്. ചികിത്സയ്ക്കിടെ അപ്രതീക്ഷിതമായി ബിൽ ഉയരുന്ന സാഹചര്യം ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
റൂം വാടകയും ശസ്ത്രക്രിയയും മാത്രമല്ല, ഡയഗ്നോസ്റ്റിക് പരിശോധനകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിരക്കുകളിലും കൂടുതൽ നിയന്ത്രണവും സുതാര്യതയും വേണമെന്ന് സമിതി ആവശ്യപ്പെടുന്നു.
സ്വകാര്യ ആശുപത്രികളിലെ അമിത ബില്ലിങ്, അനാവശ്യ പരിശോധനകൾ, സാധാരണ ചികിത്സകൾക്കുപോലും ഉയർന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയ വിഷയങ്ങളിലും സമിതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന ചികിത്സാ ചെലവ് നിരവധി കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആരോഗ്യ മേഖലയിലെ നിരക്കുകൾ കൂടുതൽ യുക്തിസഹമാക്കാനുള്ള നിർദേശങ്ങൾ പാർലമെന്ററി സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.
എന്നാൽ ഇവ നിലവിൽ പാർലമെന്ററി സമിതിയുടെ ശുപാർശകളാണ്. സർക്കാർ അംഗീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് ഇത്തരം നിരക്ക് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയുള്ളൂ.
A Parliamentary Committee on Health and Family Welfare has recommended capping private hospital room charges in major metro cities at the average tariff of nearby three-star hotels. Aiming to make healthcare more affordable and address the wide variation in room rates across hospitals in the same area, the committee proposed using local three-star hotel room rates as a benchmark.
