മികച്ച ട്രാൻസ്ഷിപ്പ്മെന്റ് വിജയത്തിന് ശേഷം, എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതോടെ വിഴിഞ്ഞം, വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സി.ഇ.ഒ-യും ഹോൾ ടൈം ഡയറക്ടറുമായ അശ്വിനി ഗുപ്ത പറഞ്ഞു.
ഫ്രോസൺ സമുദ്രവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങങ്ങൾ, കശുവണ്ടി, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവ അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ടും വേഗത്തിലും എത്തിക്കാൻ സാധിക്കും.വ്യവസായങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വേഗത്തിൽ ലഭ്യമാക്കാനും സപ്ലൈ ചെയിൻ കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. ചരക്കുനീക്കത്തിനുള്ള സമയം കുറയുന്നതോടെ ഉൽപ്പന്നങ്ങളുടെ വിപണിയിലെ മത്സരശേഷിയും ക്യാഷ് ഫ്ലോയും വർദ്ധിക്കും. ചരക്കുകളും മൂല്യവർദ്ധനവും സംസ്ഥാനത്തും രാജ്യത്തും തന്നെ നിലനിർത്തുന്നതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.

വിഴിഞ്ഞം തുറമുഖം പ്രവർത്തനംരംഗത്ത് ഒരു വർഷം പൂർത്തിയാകുമ്പോൾ, 2.3 ദശലക്ഷത്തിലധികം (23 ലക്ഷം) TEU കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ വിപണിയുടെ 30 ശതമാനത്തോളം പങ്കാളിത്തം നേടാൻ തുറമുഖത്തിന് സാധിച്ചു. അതായത്, ഇന്ത്യയിലൂടെ കടന്നുപോകുന്ന മൂന്നിലൊന്ന് ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകളും ഇന്ന് വിഴിഞ്ഞം വഴിയാണ് നീങ്ങുന്നത്. കൂടാതെ, നാല് ഫുട്ബോൾ ഗ്രൗണ്ടുകളുടെ നീളമുള്ള (ഏകദേശം 400 മീറ്റർ) കൂറ്റൻ അൾട്രാ-കണ്ടെയ്നർ കപ്പലുകളെ വിജയകരമായി അടുപ്പിച്ച് തുറമുഖം ദേശീയ റെക്കോർഡും കുറിച്ചതായി അശ്വിനി ഗുപ്ത ചൂണ്ടിക്കാട്ടി.
നാഷണൽ ഹൈവേയും റെയിൽവേ കണക്റ്റിവിറ്റിയും പൂർണ്ണസജ്ജമാകുന്നതോടെ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിർമ്മാണ കേന്ദ്രങ്ങൾക്കും വിഴിഞ്ഞം ഒരു തന്ത്രപ്രധാന ഗേറ്റ്വേയായി മാറും.
ഇതുവരെ 7,700 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിഴിഞ്ഞം പോർട്ട് പദ്ധതിക്കായി നടത്തിയത്. തുറമുഖത്തിന്റെ ശേഷി 1.6 ദശലക്ഷം TEU-വിൽ നിന്ന് 5.7 ദശലക്ഷം TEU ആയി ഉയർത്തുന്നതിനായി 16,000 കോടി രൂപയുടെ കൂടുതൽ നിക്ഷേപത്തോടെ രണ്ടാം ഘട്ടം വികസനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ വികസനത്തോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബുകളിലൊന്നായി വിഴിഞ്ഞം മാറും. പുതിയ ഇൻഫ്രാസ്ട്രക്ചർ, ബങ്കറിംഗ് സൗകര്യങ്ങൾ, ലിക്വിഡ് ജെട്ടി, സംയോജിത ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവ ഉൾപ്പെടെ സമഗ്രമായ ഒരു സമുദ്ര ഗേറ്റ്വേയായി വിഴിഞ്ഞത്തെ മാറ്റാനാണ് അദാനി പോർട്സ് ലക്ഷ്യമിടുന്നത്.
തലമുറകളെ പ്രചോദിപ്പിച്ച്, ദീർഘകാലം ഒരു സ്വപ്നമായി മാത്രം നിലനിന്ന വിഴിഞ്ഞം തുറമുഖം എന്ന ആശയം 9 വർഷങ്ങൾക്ക് മുൻപാണ് യാഥാർത്ഥ്യത്തിലേക്ക് അടുത്തത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും കരണ് അദാനിയുടെ നിശ്ചയദാർഢ്യവും കേരള സർക്കാരിന്റെയും മറ്റ് പങ്കാളികളുടെയും പൂർണ്ണ പിന്തുണയുമാണ് ആ സ്വപ്നത്തെ ഇന്നത്തെ യാഥാർത്ഥ്യമാക്കി മാറ്റിയത്. പ്രക്ഷുബ്ധമായ കടൽ, നീണ്ടുനിന്ന മൺസൂൺ കാലങ്ങൾ, ലക്ഷക്കണക്കിന് ടൺ പാറകൾ എത്തിക്കുന്നതിലെ പ്രതിസന്ധികൾ എന്നിവയെല്ലാം തരണം ചെയ്താണ് വിഴിഞ്ഞം എന്ന മഹാത്ഭുതം ഉയർന്നു വന്നതെന്നും അശ്വിനി ഗുപ്ത ഓർമ്മിപ്പിച്ചു.
Adani Group announces an additional ₹16,000 crore investment for Phase 2 expansion of Vizhinjam Seaport, elevating container capacity to 5.7 million TEUs
