സംസ്ഥാനത്തെ ആരോഗ്യമേഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (CMCHIS) പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി വർദ്ധിപ്പിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ അറിയിച്ചു. ഗുണനിലവാരമുള്ള ചികിത്സ എന്നത് പണക്കാരുടെ മാത്രം അവകാശമല്ലെന്നും, അത് ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക സ്ഥിതിയോ മറ്റ് പ്രതികൂല അവസ്ഥയോ കാരണമുള്ള ചികിത്സാ തടസ്സങ്ങൾ ഒഴിവാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ ഇൻഷുറൻസ് വർദ്ധനവിന് പുറമെ, കാൻസർ കെയർ മിഷൻ നവീകരണവും സംസ്ഥാനത്ത് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ നിർമ്മാണവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭാ മണ്ഡലങ്ങളിലെ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനം അനുവദിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വാഹനത്തിന്റെ പരിപാലനത്തിനും ഇന്ധനച്ചെലവുകൾക്കുമായി പ്രതിമാസം 75,000 രൂപയും, ഓഫീസ് കാര്യങ്ങൾക്കായി അസിസ്റ്റന്റിനെ നിയമിക്കാൻ 25,000 രൂപയും അലവൻസ് നൽകും. മറ്റുള്ളവരെ ആശ്രയിക്കാതെ എംഎൽഎമാർക്ക് സ്വതന്ത്രമായും സുതാര്യമായും പ്രവർത്തിക്കാൻ ഈ പദ്ധതി സഹായകമാകും.
Tamil Nadu CM C. Joseph Vijay increases annual coverage under CMCHIS from ₹5 lakh to ₹25 lakh and announces perks and official vehicles for MLAs
