രാജ്യത്തിന്റെ ഇലക്ട്രിക് കാർ കയറ്റുമതിയിൽ തങ്ങളുടെ ‘ഇ വിറ്റാര’ (e Vitara) ഇലക്ട്രിക് എസ്യുവിയുടെ കരുത്തിൽ വൻ ആധിപത്യം സ്ഥാപിച്ച് മാരുതി സുസുക്കി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയിൽ നിന്നുള്ള മൊത്തം ഇലക്ട്രിക് കാർ കയറ്റുമതിയുടെ 97 ശതമാനവും മാരുതി സുസുക്കിയുടെ ഈ ഒറ്റ മോഡൽ മാത്രമാണ് കൈവരിച്ചത്. ആകെ കയറ്റുമതി ചെയ്ത 15,641 ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളിൽ 15,210 യൂണിറ്റുകളും മാരുതി സുസുക്കിയുടേതാണ്. ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ തുടങ്ങിയ മറ്റ് മുൻനിര നിർമ്മാതാക്കൾക്കെല്ലാം കൂടി ഈ കാലയളവിൽ കയറ്റുമതി ചെയ്യാൻ കഴിഞ്ഞത് വെറും 431 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ്.

ഗുജറാത്തിലെ ഹൻസാൽപൂർ പ്ലാന്റിൽ നിർമ്മിക്കുന്ന ‘ഇ വിറ്റാര’യുടെ കയറ്റുമതി ആഗോളതലത്തിൽ വൻ വിജയമാണെങ്കിലും ആഭ്യന്തര വിപണിയിലെ കണക്കുകൾ തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ് മാരുതി ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആഭ്യന്തര വിപണിയിൽ ടാറ്റ മോട്ടോഴ്സ്, ജെ.എസ്.ഡബ്ല്യു എം.ജി, മഹേന്ദ്ര തുടങ്ങിയ കമ്പനികൾ മുന്നിൽ നിൽക്കുമ്പോൾ, വിദേശ വിപണികളിൽ ബ്രിട്ടൻ, ജപ്പാൻ ഉൾപ്പെടെയുള്ള ഏകദേശം 48 രാജ്യങ്ങളിലേക്കാണ് മാരുതി ഈ ഇലക്ട്രിക് എസ്യുവി വിജയകരമായി എത്തിക്കുന്നത്.
Maruti Suzuki dominates India’s electric car exports, securing a 97% market share in the first quarter driven by strong global demand for its e Vitara SUV
