യുപിഐ എക്കാലത്തും സൗജന്യമായി തുടരില്ലെന്നും സേവന നിലവാരത്തിന് ചെറിയ തുക നൽകേണ്ടി വന്നേക്കാമെന്നും നീതി ആയോഗ് ഉപാധ്യക്ഷൻ അശോക് ലാഹിരി. മണികൺട്രോളിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026ന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സുപ്രധാന നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

ഇടപാടുകൾക്ക് ഭാവിയിൽ ഫീസ് ഏർപ്പെടുത്തിയാലും അത് ഒരു ശതമാനത്തിൽ താഴെ, അതായത് ഏതാനും ബേസിസ് പോയിന്റുകൾ മാത്രമായിരിക്കുമെന്ന് അശോക് ലാഹിരി വ്യക്തമാക്കി. നൂറു രൂപയുടെ ഇടപാടിന് ഏതാനും പൈസ ഈടാക്കുന്നതിനേക്കാൾ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നത് സേവനത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയുമാണ്. കുറഞ്ഞ തുക ഈടാക്കിയാലും ഇടപാടുകൾ സുഗമമായി നടക്കാനാണ് ആളുകൾ ആഗ്രഹിക്കുന്നതെന്നും, ഫിൻടെക് കമ്പനികൾ സുസ്ഥിരമായ സാമ്പത്തിക മാതൃകകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇടപാടുകളിലൂടെ ലഭിക്കുന്ന ഉപഭോക്തൃ വിവരങ്ങൾ ക്രെഡിറ്റ് അപ്പ്രെയ്സൽ കൂടുതൽ കൃത്യമായി വിലയിരുത്താൻ സഹായിക്കുമെന്ന് ലാഹിരി ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്ന ചെറുകിട സംരംഭകർക്കും വ്യക്തികൾക്കും എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ ഇത് സഹായകരമാകും. നിലവിൽ ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തി (NPA) എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും പൊതുമേഖലാ ബാങ്കുകൾ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് ശാഖകളെ ആശ്രയിക്കുന്നത് കുറഞ്ഞ് ഡിജിറ്റൽ ബാങ്കിങ് രംഗം രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മണികൺട്രോളിനോട് വ്യക്തമാക്കി.
NITI Aayog Vice Chairman Ashok Lahiri suggested nominal charges may be introduced on UPI transactions to build a sustainable fintech ecosystem and maintain high service quality
