വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ചരക്കുനീക്കം സുഗമമാക്കുന്നതിനായി കേരളത്തിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ (CFS) ബാലരാമപുരത്ത് സ്ഥാപിക്കുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (KSIE) പൊതുമേഖലയിൽ നടപ്പാക്കുന്ന ഈ പദ്ധതി ബാലരാമപുരം ട്രാവൻകൂർ സ്പിന്നിംഗ് മിൽസ് (TSM) വളപ്പിലെ അഞ്ച് ഏക്കർ സ്ഥലത്താണ് സജ്ജീകരിക്കുന്നത്. നാല് ഘട്ടങ്ങളിലായി 25 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി.

തുറമുഖങ്ങളിലെ തിരക്ക് ഒഴിവാക്കാനും കയറ്റുമതി-ഇറക്കുമതി (EXIM) ചരക്കുകൾ വേഗത്തിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഒരു പ്രധാന ഓഫ്-ഡോക്ക് സംവിധാനമാണ് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ. വിഴിഞ്ഞത്തുനിന്നും 15-20 മിനിറ്റ് മാത്രം യാത്രാദൂരമുള്ള ബാലരാമപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ പുതിയ സ്റ്റേഷനിലൂടെ പ്രതിമാസം 2,000 മുതൽ 2,500 വരെ ടിഇയു (TEU) ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കസ്റ്റംസ് പരിശോധന, താൽക്കാലിക സംഭരണം, രേഖകളുടെ പരിശോധന തുടങ്ങിയവ ഇവിടെ ലഭ്യമാവുന്നതോടെ, ആവശ്യമായ നടപടികൾ പൂർത്തിയാക്കി 2027 ഫെബ്രുവരിയോടെ പദ്ധതി പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നാളെ നടക്കുന്ന തറക്കല്ലിടൽ ചടങ്ങ് വ്യവസായ-വാണിജ്യ-വിവരസാങ്കേതിക വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കും. കാർഗോ കൈകാര്യം ചെയ്യൽ, വെയർഹൗസിങ്, ഗതാഗതം, ഡോക്യുമെന്റേഷൻ, കസ്റ്റംസ് ക്ലിയറൻസ്, ഫ്രൈറ്റ് ഫോർവേഡിംഗ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ വിവിധ ലോജിസ്റ്റിക്സ് മേഖലകളിൽ ഈ പദ്ധതിയിലൂടെ വലിയ തൊഴിൽ സാധ്യതകളാണ് തുറക്കപ്പെടുന്നത്. ഇതിനായി KSIE-ക്ക് കീഴിലുള്ള ‘ക്ലാസ്’ (KLAS) അക്കാദമി വഴി യുവജനങ്ങൾക്കായി പ്രത്യേക തൊഴിൽ നൈപുണ്യ പരിശീലനവും നൽകിവരുന്നുണ്ട്.
Kerala’s first dedicated Container Freight Station is being established in Balaramapuram to streamline cargo movement from Vizhinjam International Port.
