2,000 രൂപ വരെയുള്ള യുപിഐ (UPI) ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് പണമിടപാടുകൾക്കും ബാങ്കുകൾ യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് (Payment and Settlement Systems Act) പ്രകാരം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ പരിധിക്ക് താഴെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചാർജുകളും ഉപഭോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ ഈടാക്കാൻ പാടില്ലെന്നും ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്. ഇതുവഴി സാധാരണക്കാർ ദിവസേന നടത്തുന്ന ചെറിയ തുകയ്ക്കുള്ള ഡിജിറ്റൽ പണമിടപാടുകൾ യാതൊരു തടസ്സവുമില്ലാതെ സൗജന്യമായി തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം, 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളിൽ ബാങ്കുകൾക്ക് ചാർജുകൾ (MDR – Merchant Discount Rate) ഈടാക്കുന്നതിനുള്ള നിയമപരമായ പശ്ചാത്തലം ഈ പുതിയ ഭേദഗതിയിലൂടെ സർക്കാർ ഒരുക്കിയിട്ടുണ്ട്. എങ്കിലും, ഈ ഉയർന്ന തുകയ്ക്കുള്ള ഇടപാടുകളിൽ നിരക്കുകൾ ഏർപ്പെടുത്തണോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) സ്റ്റീയറിങ് കമ്മിറ്റിയുടെ പരിഗണനയിലായിരിക്കും. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപ്തി വൻതോതിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ചെറിയ ഇടപാടുകളെ സംരക്ഷിക്കുന്നതിനൊപ്പം ഉയർന്ന തുകകളിലെ സേവന നിരക്കുകൾ ക്രമീകരിക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം ലക്ഷ്യമിടുന്നത്.
The Central Government has confirmed that UPI transactions up to ₹2,000 and payments made using RuPay debit cards will remain completely free of bank charges.
