ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡും (CSL) ദുബായ് ആസ്ഥാനമായുള്ള ഡ്രൈഡോക്സ് വേൾഡും (Drydocks World) തമ്മിൽ സംയുക്ത സംരംഭ കരാർ ഒപ്പുവെച്ചു. ഈ പുതിയ കൂട്ടായ്മയിലൂടെ കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയുടെ (ISRF) പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും കാര്യക്ഷമമാക്കാനും സാധിക്കും. കൊച്ചിൻ ഷിപ്പ്യാർഡിന്റെ തദ്ദേശീയ വൈദഗ്ധ്യവും ഡ്രൈഡോക്സ് വേൾഡിന്റെ ആഗോള നിലവാരത്തിലുള്ള സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ലോകോത്തര നിലവാരത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണി സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ എഞ്ചിനീയറിംഗ്, ഫാബ്രിക്കേഷൻ, അനുബന്ധ സമുദ്ര സേവന മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകും.

രാജ്യത്തിന്റെ സമുദ്രമേഖലയെ സ്വയംപര്യാപ്തമാക്കാനും ആഗോള തലത്തിൽ മത്സരക്ഷമത വർദ്ധിപ്പിക്കാനുമുള്ള ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ ലക്ഷ്യങ്ങൾക്ക് ഈ സംരംഭം വലിയ കരുത്തുപകരുമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈഡോക്സ് വേൾഡ് സി.ഇ.ഒ ക്യാപ്റ്റൻ റാഡോ ആന്റോളോവിച്ചും കൊച്ചിൻ ഷിപ്പ്യാർഡ് സി.എം.ഡി ജോസ് വി.ജെയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ആധുനിക ഡോക്കിംഗ് സംവിധാനങ്ങളും അത്യാധുനിക ഷിപ്പ് ലിഫ്റ്റ് സിസ്റ്റവുമുള്ള ഈ കേന്ദ്രം അന്താരാഷ്ട്ര കപ്പൽ ഉടമകളെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് 50:50 പങ്കാളിത്തത്തിലുള്ള ഈ കരാർ നിലവിൽ വന്നത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളും യു.എ.ഇ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷമിയും ചടങ്ങിൽ സന്നിഹിതരായി.
Cochin Shipyard and Drydocks World sign a 50:50 joint venture to operate and expand the International Ship Repair Facility in Kochi.
