എസ് ടി സംരംഭങ്ങൾക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണയുമായി കേന്ദ്ര ഗോത്ര കാര്യാ മന്ത്രാലയം. സംസ്ഥാനത്തെ പട്ടികവര്‍ഗ (എസ്.ടി) വിഭാഗ സംരംഭകര്‍ക്ക് പിന്തുണ നല്കുന്ന പദ്ധതിയ്ക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് KSUM ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിലെ നൂറോളം സംരംഭകർക്ക് കേന്ദ്ര പിന്തുണ ഉറപ്പായി.

എസ്.ടി വിഭാഗക്കാര്‍ നേതൃത്വം നല്കുന്ന സ്റ്റാര്‍ട്ടപ്പുകളെയും സംരംഭങ്ങളെയും കണ്ടെത്തുന്നതിനും ധനസഹായം ലഭ്യമാക്കുന്നതിനും ഇന്‍കുബേറ്റ് ചെയ്യുന്നതിനും മെന്റര്‍ഷിപ്പ്, വിപണി ബന്ധങ്ങള്‍, നിക്ഷേപ സന്നദ്ധത പിന്തുണ എന്നിവ നല്കുന്നതിനുമുള്ള ധാരണാപത്രമാണിത്. രാജ്യത്തെ മൊത്തം സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും പട്ടികവര്‍ഗ (എസ് ടി) വിഭാഗക്കാര്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും തമ്മിലുള്ള വിടവ് നികത്തുക, കൂടുതല്‍ സംരംഭകരെ സഹായിക്കുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു.
ആറു മാസമായി പ്രവര്‍ത്തിക്കുന്നതും എസ് ടി സംരംഭകര്‍ക്ക് 51 % ഓഹരി പങ്കാളിത്തവുമുള്ള കമ്പനികള്‍ക്ക് 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം പദ്ധതിപ്രകാരം ലഭിക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവും എസ് ടി സംരംഭകര്‍ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള കമ്പനികള്‍ക്ക് 50 ലക്ഷത്തിന് മുകളിലുള്ള ഫണ്ടിന് അപേക്ഷിക്കാം. കൂടാതെ മൂന്ന് വര്‍ഷത്തെ കാലയളവില്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപ വീതം ആകെ 30 ലക്ഷം രൂപ നല്‍കും.
രാജ്യത്തെ ഏകദേശം 1,000 പട്ടികവര്‍ഗ സംരംഭകരിലേക്ക് എത്തുന്ന പദ്ധതിയിലൂടെ നൂറോളം പേര്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ ഫോര്‍ എസ് ടി VCFST പ്രകാരം ധനസഹായം ലഭ്യമാകും. വിസിഎഫ്-എസ് ടി പദ്ധതിയിലേക്ക് വൈകാതെ അപേക്ഷിക്കാം. രജിസ്ട്രേഷന് https://www.vcfst.in/ എന്ന ലിങ്ക് ഉപയോഗിക്കുക.
പട്ടികവര്‍ഗ (എസ്.ടി) വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ധാരണാപത്രം ഒപ്പിട്ടത്.
സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനടക്കം രാജ്യത്തെ പത്ത് സാങ്കേതിക ബിസിനസ് ഇന്കുബേറ്ററുകളുമായും ഗോത്രകാര്യ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുറമെ ഐ.ഐ.എം കല്‍ക്കട്ട ഇന്നൊവേഷന് പാര്‍ക്ക്, ടി-ഹബ് ഫൗണ്ടേഷന്, സ്റ്റാര്‍ട്ടപ്പ് തമിഴ് നാട്, സ്റ്റാര്‍ട്ടപ്പ് ഒഡീഷ, ഐ.ഐ.എം ഉദയ്പൂര്‍ ഇന്‍കുബേഷന്‍ സെന്റര്‍, പ്രൈം മേഘാലയ, കെ.ഐ.ഐ.ടി ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍, ഫൗണ്ടേഷന് ഫോര്‍ ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (എഫ്.ഐ.ഇ.ഡി), ഐ.ഐ.എം കാശിപൂര്‍, നാഗാലാന്‍ഡിലെ എന്റര്‍പ്രണര്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്നിവയുമാണ് മന്ത്രാലയം ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്. രാജ്യത്തുടനീളമുള്ള പട്ടികവര്‍ഗ സമൂഹത്തിനിടയില്‍ സംരംഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഈ സ്ഥാപനങ്ങള്‍ ഗോത്രകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
രാജ്യത്തെ വളര്‍ന്നു കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് ആത്മനിര്‍ഭര്‍ ഭാരത്, വിക്സിത് ഭാരത് 2047 എന്നിവയുടെ ദര്‍ശനത്തിലൂന്നി ഗോത്ര സംരംഭകര്‍ക്കിടയില്‍ സംരംഭ വികസനം സുഗമമാക്കാന്‍ ധാരണാപത്രം വഴിയൊരുക്കും
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവല്‍ ഓറം, സഹമന്ത്രി ദുര്‍ഗാദാസ് ഉയികി, ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി രഞ്ജന ചോപ്ര എന്നിവരുടെ സാന്നിധ്യത്തില്‍ ഗോത്രകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അനന്ത് പ്രകാശ് പാണ്ഡെയും കെഎസ് യുഎം ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അശോക് കുര്യന് പഞ്ഞിക്കാരനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളുടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിലും ഇതൊരു സുപ്രധാന ചുവടുവയ്പ്പാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്റ് ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ സംരംഭകത്വം തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സഹായകമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
Ministry of Tribal Affairs–KSUM MoU to Support ST Entrepreneurs and Startups. The Kerala Startup Mission (KSUM) has signed a Memorandum of Understanding (MoU) with the Union Ministry of Tribal Affairs to support entrepreneurs from Scheduled Tribe (ST) communities in Kerala. The initiative is expected to provide Central Government support to around 100 entrepreneurs in the state.Under the scheme, companies that have been operational for at least six months and in which ST entrepreneurs hold a minimum 51% equity stake will be eligible for financial assistance of up to ₹50 lakh.Companies that have completed one year of operations and have at least 51% equity ownership by ST entrepreneurs can apply for funding exceeding ₹50 lakh. In addition, eligible ventures will receive ₹10 lakh per year for three years, amounting to a total financial support of ₹30 lakh over the three-year period.
