ഡൽഹിയെയും അസമിലെ ദിസ്പൂരിനെയും (ഗുവാഹത്തി) ബന്ധിപ്പിക്കുന്ന ‘നോർത്തേൺ ബുള്ളറ്റ് ട്രെയിൻ കോറിഡോർ’ (Northern Bullet Train Corridor) പദ്ധതിയുടെ വിവരങ്ങൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലൂടെ പങ്കുവെച്ചു. ഏകദേശം 1,500 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഡൽഹി, ആഗ്ര, കാൺപൂർ, ലഖ്നൗ, അയോധ്യ, വാരണാസി, പ്രയാഗ്രാജ്, പാട്ന, സിലിഗുരി, ഗുവാഹത്തി എന്നീ 10 നഗരങ്ങളിലൂടെ കടന്നുപോകും. നിലവിൽ ട്രെയിനിൽ 30 മണിക്കൂറിലധികം എടുക്കുന്ന ഡൽഹി-ഗുവാഹത്തി യാത്ര എട്ട് മണിക്കൂറിൽ താഴെയായി ചുരുക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിമാന ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും യഥാർത്ഥ ടിക്കറ്റ് നിരക്കുകളോ നിർമ്മാണ ചെലവോ സമയക്രമമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വടക്കു-കിഴക്കൻ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി വേഗത്തിൽ ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ വ്യാപാരം, ടൂറിസം, തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Assam CM Himanta Biswa Sarma shares details of the 1,500 km Northern Bullet Train Corridor connecting Delhi and Dispur in under 8 hours at affordable fares.

