ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ശൃംഖല 2022-നു ശേഷം പത്തിരട്ടിയിലേറെയായി വർദ്ധിച്ചെങ്കിലും, ചാർജറുകളുടെ വിശ്വാസ്യതക്കുറവും ഉയർന്ന നിരക്കുകളും ഉപയോക്താക്കളെ വലയ്ക്കുന്നതായി പുതിയ റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (IEEFA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്തെ പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 2022-ലെ 5,151-ൽ നിന്ന് 2026 ജൂലൈ ആയപ്പോഴേക്കും 52,718 ആയി ഉയർന്നിട്ടുണ്ട്. ഇ.വി വിൽപ്പനയിൽ വൻ വളർച്ചയുണ്ടായെങ്കിലും, ചാർജിങ് സംവിധാനങ്ങളിലെ പോരായ്മകളും ഉയർന്ന ചെലവും കാരണം കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ഇത് തടസ്സമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ചാർജറുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുക, ഏകീകൃത പേയ്മെന്റ് സംവിധാനം നടപ്പിലാക്കുക, പാർക്കിംഗ് ഉള്ളവർക്ക് ചാർജ് ചെയ്യാനുള്ള അവകാശം നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നുണ്ട്. കൂടാതെ, നിലവിലുള്ള 18 ശതമാനത്തിൽ നിന്ന് പൊതു ചാർജിംഗിന്റെ ജി.എസ്.ടി (GST) നിരക്ക് 5 ശതമാനമായി കുറയ്ക്കണമെന്നും ഐ.ഇ.ഇ.എ.എ ആവശ്യപ്പെടുന്നു. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗ തിരക്ക് ഒഴിവാക്കാൻ ‘ടൈം ഓഫ് യൂസ്’ (ToU) താരിഫ് നടപ്പിലാക്കുന്നത് പവർ സിസ്റ്റത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
India’s public EV charging network grows 10x to over 52,000 stations, but IEEFA highlights ongoing challenges like charger reliability, high GST, and costs
