ഹിമാചൽ പ്രദേശിൽ നിന്നുള്ള ഇരുപത്തഞ്ചുകാരിയായ നേഹ ഠാക്കൂർ തന്റെ കുട്ടിക്കാലത്തെ അഭിനിവേശം പിന്തുടർന്ന് വ്യത്യസ്തമായ കരിയർ തിരഞ്ഞെടുത്ത് മാതൃകയാവുകയാണ്. ട്രക്ക് ഡ്രൈവറായ പിതാവിനൊപ്പം യാത്ര ചെയ്ത് വളർന്ന നേഹ, ഗ്രാജ്വേഷന് ശേഷം എയർഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയെങ്കിലും ഒടുവിൽ തന്റെ ഇഷ്ടവഴിയായ ട്രക്ക് ഡ്രൈവിങ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ട്രക്ക് ഡ്രൈവിങ് ആരംഭിച്ച അവർ, ഹിമാചൽ പ്രദേശിലെ ആദ്യത്തെ വനിതാ ട്രക്ക് വ്ലോഗർ കൂടിയായി ഇന്ന് അറിയപ്പെടുന്നു. മലനിരകളിലൂടെയുള്ള കഠിനമായ യാത്രകളും, മഴയും മൂടൽമഞ്ഞും, ചരക്കുകൾ കയറ്റി ഇറക്കുന്നതുമെല്ലാം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നേഹ വീഡിയോകളായി പങ്കുവെക്കുന്നുണ്ട്. രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ തന്റെ ക്യാമറയും പ്രവർത്തനം ആരംഭിക്കാറുണ്ടെന്നും, ട്രെൻഡുകളെ പിന്തുടരാതെ തന്റെ ദൈനംദിന ജീവിതം തന്നെയാണു തന്റെ കണ്ടെന്റ് എന്നും അവർ വ്യക്തമാക്കുന്നു.
ട്രക്ക് ഡ്രൈവിങ് തൊഴിലായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, ‘എന്തുകൊണ്ട് ഒരു ട്രക്ക് ഡ്രൈവർ ആയിക്കൂടാ?’ എന്നാണ് നേഹ തിരിച്ചു ചോദിക്കുന്നത്. ഡ്രൈവർമാരെക്കുറിച്ച് സമൂഹത്തിലുള്ള തെറ്റായ കാഴ്ചപ്പാടുകൾ മാറ്റിയെടുക്കാനും, സ്വന്തം ഇഷ്ടങ്ങൾ പിന്തുടരാൻ സ്ത്രീകളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നേഹയുടെ ഈ വേറിട്ട വഴിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
25-year-old Neha Thakur from Himachal Pradesh left her air hostess training behind to pursue her passion as a heavy truck driver and video blogger.
