വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന പഴയ സ്റ്റിക്കർ മാറ്റാതെ തന്നെ, നിലവിലുള്ള ഫാസ്ടാഗിന്റെ (FASTag) ഇഷ്യൂവർ ബാങ്കിനെ മാറ്റാൻ സഹായിക്കുന്ന ‘വൺടാഗ്’ (OneTag) പോർട്ടബിലിറ്റി സേവനം നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഔദ്യോഗികമായി ആരംഭിച്ചു. ‘രാജ്മാർഗ് യാത്ര’ (Rajmargyatra) മൊബൈൽ ആപ്പിലാണ് ഈ പുതിയ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയ ഫിസിക്കൽ ടാഗ് മാറ്റാതെ തന്നെ പുതിയ ബാങ്കിലേക്ക് ഫാസ്ടാഗ് അക്കൗണ്ട് ലിങ്ക് ചെയ്യാൻ സാധിക്കും. നിലവിലെ ബാങ്ക് നൽകുന്ന ആറക്ക മൊബൈൽ വെരിഫിക്കേഷൻ കോഡ് (MVC) ഉപയോഗിച്ച് ഓതറൈസേഷൻ പൂർത്തിയാക്കി, പുതിയ ഇഷ്യൂവറെ തിരഞ്ഞെടുത്ത് ഈ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്.
പോർട്ടബിലിറ്റി വിജയകരമായി പൂർത്തിയായാൽ പഴയ ഇഷ്യൂവർ ബാങ്ക് നിലവിലുള്ള ഫാസ്ടാഗ് വാലറ്റ് ക്ലോസ് ചെയ്യുകയും, ബാക്കി വരുന്ന തുക കൃത്യമായ ക്രമീകരണങ്ങൾക്ക് ശേഷം ഉപയോക്താവിന് തിരികെ നൽകുകയും ചെയ്യും. എന്നാൽ ഫാസ്ടാഗ് വീണ്ടും മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ആറു മാസത്തെ കൂളിംഗ് പിരീഡ് ബാധകമാണ്.
ഈ പുതിയ സംവിധാനം വഴി ഫാസ്ടാഗ് മാനേജ്മെന്റ് കൂടുതൽ എളുപ്പമാക്കാനും, ആവർത്തിച്ചുള്ള ടാഗ് നിർമ്മാണച്ചെലവും പ്രവർത്തനച്ചെലവും കുറയ്ക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനുപുറമേ, രാജ്മാർഗ് യാത്ര ആപ്പ് വഴി ഓൺലൈനായി ഫാസ്ടാഗ് ‘ലോക്കൽ പാസ്’ എടുക്കുന്നതിനുള്ള സൗകര്യം രാജ്യത്തെ 121 ടോൾ പ്ലാസകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
NHAI launches the ‘OneTag’ portability service on the Rajmarg Yatra app, allowing FASTag users to switch issuer banks without replacing the physical sticker
