അപ്പോളോ ഹോസ്പിറ്റൽസിന്റെ പ്രൊജക്ട്സ് ഡയറക്ടറായി ഉപാസന കൊണിഡെല ചുമതലയേൽക്കുമെന്ന് ‘ഫോർച്യൂൺ ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ആശുപത്രി ശൃംഖലയുടെ 8,600 കോടി രൂപയുടെ വൻകിട വിപുലീകരണ പദ്ധതികൾക്ക് ഉപാസന നേതൃത്വം നൽകും. നിലവിൽ ആശുപത്രി ശൃംഖലയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) വൈസ് ചെയർപേഴ്സണായ അവർ, പുതിയ പദവിയിലൂടെ രാജ്യത്തുടനീളമുള്ള പുതിയ ആരോഗ്യ സംരംഭങ്ങളുടെ ആസൂത്രണവും നിർവ്വഹണവും അപ്പോളോ നേതൃത്വത്തോടും ക്ലിനിക്കൽ ടീമുകളോടും ചേർന്ന് ഏകോപിപ്പിക്കും.

അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ ലോകോത്തര ആരോഗ്യ സംരക്ഷണ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് പുതിയ ചുമതലയെന്ന് ഉപാസന വ്യക്തമാക്കി. രോഗികൾക്കും കുടുംബങ്ങൾക്കും മികച്ച അനുഭവവും സൗകര്യങ്ങളും ഉറപ്പാക്കുന്ന തരത്തിലുള്ള മനുഷ്യകേന്ദ്രീകൃതമായ ആശുപത്രി രൂപകൽപ്പനയ്ക്കാണ് അവരുടെ പ്രഥമ മുൻഗണന. ഹൈദരാബാദ്, ഡൽഹി എൻസിആർ, ചെന്നൈ, മുംബൈ, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലാണ് അപ്പോളോയുടെ ഈ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കുന്നത്.
Upasana Kamineni Konidela is appointed as the Projects Director at Apollo Hospitals, overseeing a massive ₹8,600 crore nationwide healthcare expansion project
