കോവിഡ് ലോക്ക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ പതിനഞ്ചാം വയസ്സിൽ നിർമ്മിച്ചുതുടങ്ങിയ ഒരു ചെറിയ ഡ്രോൺ പരീക്ഷണമാണ് ഇന്ന് 21-ാമത്തെ വയസ്സിൽ നമൻ പുഷ്പ് എന്ന യുവാവിനെ കോടികളുടെ എയറോസ്പേസ് സ്റ്റാർട്ടപ്പിന്റെ ഉടമയാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയർബൗണ്ട്’ (Airbound) എന്ന എയറോസ്പേസ് സ്റ്റാർട്ടപ്പ്, പ്രമുഖ നിക്ഷേപകരായ ഗ്രിൻഓക്സിന്റെ (Greenoaks) നേതൃത്വത്തിലുള്ള സീരീസ്-എ ഫണ്ടിംഗിൽ നിന്ന് 37 മില്യൺ ഡോളറാണ് സമാഹരിച്ചത്. കമ്പനി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ സമാഹരിച്ച തുകയടക്കം ആകെ നിക്ഷേപം 50 മില്യൺ ഡോളറിനടുത്തേക്ക് എത്തിയിരിക്കുകയാണ്.

ആരോഗ്യമേഖലയിൽ മെഡിക്കൽ സാമ്പിളുകൾ വേഗത്തിൽ എത്തിക്കുന്നതിനായി നാരായണ ഹെൽത്തുമായി ചേർന്ന് കമ്പനി ഇതിനോടകം പതിനായിരത്തിലധികം സ്വയംനിയന്ത്രിത ഡ്രോൺ സർവീസുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ചെറിയ ഡെലിവറികൾക്കപ്പുറം ഭാവിയിൽ വലിയ എയർക്രാഫ്റ്റുകളും ചരക്കുനീക്ക സംവിധാനങ്ങളും വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപരിപഠനത്തിന് അവസരം ലഭിച്ചിട്ടും അത് മാറ്റിവെച്ച് സ്വന്തം സംരംഭത്തിലേക്ക് മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിച്ച നമൻ പുഷ്പിന്റെ ഈ നേട്ടം രാജ്യത്തെ സ്റ്റാർട്ടപ്പ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
Bengaluru aerospace startup Airbound, founded by 21-year-old Naman Pushp, raises $37 million in Series A funding led by Greenoaks to expand its autonomous drone delivery network
