2036-ലെ ഒളിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും ഖത്തറും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ രംഗത്തെത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ ആദ്യമായി ഒളിമ്പിക്സ് മത്സരം എത്തിക്കാനുള്ള സാധ്യതയടക്കം മുന്നിൽക്കണ്ടുള്ള ഈ മത്സരത്തിലേക്ക് ഒക്ടോബർ 31 വരെയാണ് അവസാന തീയതി നിശ്ചയിച്ചിരുന്നത്. 2029ൽ നടക്കുന്ന വോട്ടെടുപ്പിലൂടെ 100ലധികം വരുന്ന ഐ.ഒ.സി അംഗങ്ങളാണ് ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കുന്നത്.

ഇന്ത്യയുടെ ഒളിമ്പിക്സ് ബിഡ് പ്ലാൻ പ്രധാനമായും അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ളതാണ്. ഖത്തർ ദോഹയെ കേന്ദ്രീകരിച്ചും, ആവശ്യമെങ്കിൽ ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തോടെയുമാണ് രംഗത്തുള്ളത്. ഇവ കൂടാതെ ദക്ഷിണാഫ്രിക്ക (കേപ് ടൗൺ), ദക്ഷിണ കൊറിയ (സോൾ), ജർമ്മനി (മ്യൂണിക്ക്), ഹംഗറി (ബുഡാപെസ്റ്റ്), തുർക്കി (ഇസ്താംബൂൾ) എന്നിവയാണ് മത്സരത്തിലുള്ള മറ്റ് അഞ്ച് രാജ്യങ്ങൾ. ഭാവിയിൽ 2040, 2044 വർഷങ്ങളിലെ ഗെയിംസിനുമുള്ള സാധ്യതകളും ഈ തുറന്ന പ്രക്രിയയിലൂടെ രാജ്യങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവന്റിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡ് അടുത്ത രണ്ടര വർഷം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. വരുന്ന മാർച്ചിൽ വിശദമായ പദ്ധതികൾ സമർപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക ബോർഡ് അംഗീകരിക്കും. രഹസ്യ സ്വഭാവമുള്ള പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് രീതി മാറ്റി, കൂടുതൽ സുതാര്യവും അംഗങ്ങളുടെ സജീവ പങ്കാളിത്തമുള്ളതുമായ വോട്ടെടുപ്പിലൂടെയാണ് 2036-ലെ ഒളിമ്പിക്സ് വേദി നിശ്ചയിക്കുന്നത്.
India and Qatar are among seven nations bidding to host the 2036 Summer Olympics, with Ahmedabad and Doha featured as key host cities ahead of the 2029 vote.
