ഇന്ത്യൻ വിപണിയിൽ വൻതോതിലുള്ള വിപുലീകരണ പദ്ധതികളുമായി ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് രംഗത്ത്. 2026 മുതൽ 2032 വരെയുള്ള ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ യൂസൺ ചുങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL), കിയ ഇന്ത്യ (Kia India) എന്നിവയുടെ കീഴിലുള്ള നിർമ്മാണ യൂണിറ്റുകളുടെ വിപുലീകരണം, ഗവേഷണ-വികസന (R&D) സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വാഹന ഘടകങ്ങളുടെ തദ്ദേശീയ ഉത്പാദനം, ഭാവിയിലെ മൊബിലിറ്റി മേഖലകളിലെ നിക്ഷേപം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വലിയ നിക്ഷേപ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യയിൽ പ്രത്യേക നിക്ഷേപ സംരംഭത്തിനും കമ്പനി രൂപം നൽകും.
നിലവിൽ ഹ്യുണ്ടായ് ഇന്ത്യയുടെ ചെന്നൈ, പൂനെ പ്ലാന്റുകളും കിയയുടെ അനന്ത്പൂർ പ്ലാന്റും ഉൾപ്പെടെ പ്രതിവർഷം 14 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണ് ഗ്രൂപ്പിനുള്ളത്. ഈ ഉത്പാദന ശേഷി കൂടുതൽ വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ ഒരു പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പൂനെ ഫാക്ടറിയുടെ ശേഷി ഘട്ടങ്ങളായി ഉയർത്തും. കൂടാതെ, ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായി ഏകദേശം 70 കോടി ഡോളറും കമ്പനി മാറ്റിവെക്കും.
ഇതിൽ ഒരു പുതിയ വെഹിക്കിൾ ടെസ്റ്റിംഗ് ട്രാക്കിന്റെ നിർമ്മാണവും ഉൾപ്പെടുന്നു. പരമ്പരാഗത വാഹന നിർമ്മാണത്തിനപ്പുറം ഇലക്ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, വാഹന ധനകാര്യ സേവനങ്ങൾ, പഴയ വാഹനങ്ങളുടെ പുനരുപയോഗം (recycling), സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം തുടങ്ങിയ ഭാവികാല മൊബിലിറ്റി സാങ്കേതികവിദ്യകളിലേക്കും കമ്പനി ചുവടുവെക്കും. ഈ പദ്ധതികൾ രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് വലിയ കരുത്തുപകരുമെന്നും എക്സിക്യൂട്ടീവ് ചെയർമാൻ യൂസൺ ചുങ് വ്യക്തമാക്കി.
Hyundai Motor Group announces a massive $15.5 billion investment in India through 2032 to expand manufacturing, boost R&D, and enhance EV infrastructure.
